നാല് ദിവസം മുമ്പ് പണം നല്‍കി ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്രയ്ക്ക് എത്തിയപ്പോഴുള്ള അവസ്ഥയാണ് യുവാവ് എക്സില്‍ പങ്കുവെച്ചത്.
ഭുവനേശ്വര്‍: ട്രെയിന്‍ യാത്രയില്‍ നേരിടേണ്ടി വന്ന ദുരിതങ്ങളെപ്പറ്റി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട നിരവധി അനുഭവങ്ങള്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. ട്രെയിനുകളിലെ തിരക്കും ടിക്കറ്റെടുക്കാത്തവര്‍ പോലും റിസര്‍വ്ഡ് കോച്ചുകളില്‍ കയറുന്നതും അതുകാരണം നേരത്തെ വലിയ തുക കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് സീറ്റ് കിട്ടാത്തത് പോലുള്ള അനുഭവങ്ങളും പലരും പങ്കുവെച്ചു. ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നവര്‍ കമന്റുകളിലെത്തി പിന്തുണ അറിയിച്ചു. സമാനമായ ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
അഭാസ് കുമാര്‍ ശ്രിവാസ്‍തവ എന്ന യുവാവാണ് തനിക്ക് നേരിടേണ്ടിവന്ന അത്ര സുഖകരമല്ലാത്ത അനുഭവം പങ്കുവെച്ചത്. റൂര്‍ക്കെല ഇന്റര്‍സിറ്റി ട്രെയിനില്‍ നാല് ദിവസം മുമ്പ് റിസര്‍വ് ചെയ്ത കണ്‍ഫേം ടിക്കറ്റുമായാണ് അദ്ദേഹം യാത്രയ്ക്ക് എത്തിയത്. ട്രെയിന്‍ വന്നപ്പോള്‍ തന്നെ അതില്‍ നിറയെ ആളുകള്‍. ജനങ്ങളെ വകഞ്ഞുമാറ്റി കഷ്ടപ്പെട്ടാണ് തനിക്ക് അനുവദിച്ചിരുന്ന സീറ്റിന് അടുത്തെത്തിയത്. അവിടെയെത്തി നോക്കിയപ്പോള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ ആ സീറ്റിലിരിക്കുന്നു. അവരോട് മാറിയിരിക്കാന്‍ പറയാതെ ട്രെയിനിന്റെ വാതിലിന് അടുത്ത് പോയി നിന്നു. രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ മുഴുവന്‍ സമയവും നില്‍ക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനും ഇന്ത്യന്‍ റെയില്‍വെയ്ക്കും ഐആര്‍സിടിസിക്കും പരിഹാസ രൂപേണ നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തനിക്ക് ബുക്ക് ചെയ്ത സീറ്റ് കിട്ടാത്ത അനുഭവം കുറിച്ചത്.
ട്രെയിനില്‍ കയറി ഒരു മണിക്കൂറിന് ശേഷമാണ് തനിക്ക് അനുവദിച്ചിരുന്ന 64-ാം നമ്പര്‍ സീറ്റിന് അടുത്തെത്താന്‍ പോലും കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്. നിറയെ യാത്രക്കാരുള്ള കോച്ചിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ ഓടുന്ന ട്രെയിനുകളില്‍ കാണുന്ന സെക്കന്റ് സിറ്റിങ് കോച്ചാണ് താന്‍ ബുക്ക് ചെയ്തിരുന്നതെന്ന് കമന്റില്‍ അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ ടിക്കറ്റില്ലാതെ കയറിയ വലിയൊരു വിഭാഗം യാത്രക്കാരുടെ സാന്നിദ്ധ്യം കാരണം റിസര്‍വേഷൻ കോച്ച് ജനറല്‍ ക്ലാസ് പോലെയായി. അതേസമയം ചിത്രം കണ്ടിട്ട് ഇത് ലോക്കല്‍ കോച്ച് തന്നെയാണെന്നും യുവാവ് അറിയാതെ മാറികയറിയതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഒഡിഷയില്‍ ഓടുന്ന ഇന്റര്‍സിറ്റി ട്രെയിനുകളില്‍ ഈ തരം കോച്ചുകൾ തന്നെയാണ് സെക്കന്റ് സിറ്റിങ് എന്ന് യുവാവ് കമന്റുകളില്‍ വിശദീകരിക്കുകയും ചെയ്യുന്നു.
അതേസമയം റിസര്‍വ്ഡ് കോച്ച് മുഴുവനായി ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കൈയടക്കിയ അനുഭവം മറ്റൊരു യാത്രക്കാരിയും അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. സ്വാതി രാജ് എന്ന യാത്രക്കാരി ബുക്ക് ചെയ്തിരുന്ന ഫസ്റ്റ് എസി കോച്ചിന്റെ കോറിഡോര്‍ മുഴുവന്‍ മറ്റ് യാത്രക്കാര്‍ നിറഞ്ഞിരിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
