ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ പ്രതിസന്ധിയിലാക്കി ജനതാദൾ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ വിവാദ പരാമർശം. സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പാണെന്നും സഖ്യം എത്രകാലം തുടരുമെന്ന് തനിക്കറിയില്ലെന്നും പറഞ്ഞ ദേവഗൗഡ പരാമർശം വിവാദമായതോടെ, സർക്കാർ കാലാവധി തികയ്ക്കുമെന്ന് തിരുത്തി. ദൾ അധ്യക്ഷൻ സത്യം പറഞ്ഞതിൽ സന്തോഷമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

കർണാടക സഖ്യത്തിനെതിരെ രംഗത്തുവരുന്ന കോൺഗ്രസ് നേതാക്കളുടെ സമീപനത്തിൽ അതൃപ്തി പരസ്യമാക്കിയാണ് ദേവഗൗഡയുടെ തുറന്നുപറച്ചിൽ. സഖ്യരൂപീകരണം മുതൽ അതിന്‍റെ നിലനിൽപ്പിനെക്കുറിച്ചുവരെ മനസ്സുതുറന്ന ദേവഗൗഡ പ്രതിക്കൂട്ടിൽ നിർത്തുന്നത് കോൺഗ്രസിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസ് ദുർബലമായെന്നും അവരുടെ നേതാക്കളുടെ മനോഭാവം ശരിയല്ലെന്നും തുറന്നടിച്ചു ദേവഗൗഡ. സഖ്യസർക്കാർ എത്രകാലം തുടരുമെന്ന് തനിക്ക് ഒരുപിടിയുമില്ല. സഖ്യത്തിന്‍റെ നിലനിൽപ്പ് കുമാരസ്വാമിയുടെ കയ്യിലല്ലെന്നും ദൾ അധ്യക്ഷൻ തന്‍റെ ആദ്യ പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് അപേക്ഷിച്ചതുകൊണ്ടാണ് സഖ്യത്തിന് തയ്യാറായത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ പേരാണ് താൻ നിർദേശിച്ചത്. എന്നാൽ മകനെ മുഖ്യമന്ത്രിയാക്കിയുളള കോൺഗ്രസ് ഫോർമുല അംഗീകരിക്കേണ്ടിവന്നെന്നും മുൻ പ്രധാനമന്ത്രി വെളിപ്പെടുത്തി. ദേവഗൗഡയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. 

പരാമർശങ്ങളിൽ ദേവഗൗഡ തന്നെ വിശദീകരണം നൽകണമെന്നും കർണാടക കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു പറഞ്ഞതിന് പിന്നാലെ നിലപാട് മാറ്റിയ ദേവഗൗഡ സർക്കാർ തുടരുമെന്ന് പ്രഖ്യാപിച്ചു. ഞാനെന്തിന് സന്തോഷിക്കാതിരിക്കണം. കോൺഗ്രസ് സന്തുഷ്ടരാണ്. കുമാരസ്വാമി തൃപ്തനാണ് എന്നായിരുന്നു ദേവഗൗഡയുടെ തിരുത്ത്.

സർക്കാരിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്നതിന് തെളിവാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ യുടെ പ്രതികരണം.