ബംഗളൂരു: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞ് മുൻ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി.  ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മകൻ നിഖിലിനെ തോൽപ്പിച് മാണ്ഡ്യയിലെ ജനങ്ങൾ തന്നെ കയ്യൊഴിഞ്ഞു എന്ന് പറഞ്ഞായിരുന്നു കുമാരസ്വാമി വികാരാധീനനായത്. അടിമയെപ്പോലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിൽ താൻ മുഖ്യമന്ത്രിയായിരുന്നത് എന്നും കെ ആർ പേട്ടിലെ പ്രചാരണയോഗത്തിൽ അദ്ദേഹം പറഞ്ഞു. 

ജെഡിഎസ് സ്ഥാനാര്‍ത്ഥി ബിഎല്‍ ദേവരാജുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കുമാരസ്വാമി. ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ്. ജെഡിഎസ് എംഎല്‍എ ആയിരുന്ന കെ സി നാരായണ ഗൗഡ, രാഷ്ട്രീയനാടകങ്ങളെത്തുടര്‍ന്ന് അയോഗ്യനായതോടെയാണ് കെ ആര്‍ പേട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

"മാണ്ഡ്യയിലെ ജനങ്ങള്‍ എന്നെ തോല്‍പ്പിച്ചു, കരയിച്ചു. എന്‍റെ മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നിങ്ങള്‍ (ജനങ്ങള്‍) നിര്‍ബന്ധിച്ചിട്ടാണ് ഞാനവനെ മത്സരിപ്പിച്ചത്."- കുമാരസ്വാമി പറഞ്ഞു. കെ ആര്‍ പേട്ടിലെ കിക്കേരി വില്ലേജില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കുമാരസ്വാമി.