ബെംഗലൂരു: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ അകല്‍ച്ച പരസ്യമാക്കി ജെഡിഎസും കോണ്‍ഗ്രസും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തി. സിദ്ധരാമയ്യ വളര്‍ത്തുന്ന തത്തയാണ് താനെന്ന് കരുതരുതെന്ന് കുമാരസ്വാമി ആഞ്ഞടിച്ചു. രാമനഗരയിലെ ജനമാണ് തന്നെ വളര്‍ത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിലൂടെയാണ് താന്‍ നേതാവായതെന്നും കുമാരസ്വാമി വ്യക്തമാക്കി. 

തന്നെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വമാണെന്നും കുമാരസ്വാമി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായത് അംഗീകരിക്കാന്‍ സിദ്ധരാമയ്യക്ക് കഴിഞ്ഞില്ല. മാണ്ഡ്യ ലോക്സഭ മണ്ഡലത്തിലെ തോല്‍വിയില്‍ സിദ്ധരാമയ്യ ഉത്തരം പറയണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. സഖ്യസര്‍ക്കാറിനെ വീഴ്ത്തിയത് സിദ്ധരാമയ്യയാണ്.

മാണ്ഡ്യ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് ദേശീയ നേതൃത്വമല്ലെന്നും സിദ്ധരാമയ്യ പാര്‍ട്ടിയെ നയിച്ചതിനാലാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. കുമാരസ്വാമി കാര്യമറിയാതെ സംസാരിക്കുകയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. തന്‍റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് താന്‍ പഠിച്ച വലിയ പാഠമാണ് ജെഡിഎസുമായുള്ള കൂട്ടുകെട്ടെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.