മുസ്ലിങ്ങളെ നാടുകടത്താൻ ഹിതപരിശോധന ആവശ്യപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ട്വിറ്ററിലാണ് ബാങ്ക് വ്യക്തമാക്കിയത്. ജീവനക്കാരനെ തൊട്ടുപോയാൽ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിക്കുമെന്നാണ് നിരവധി പേർ ഭീഷണി മുഴക്കിയിരിക്കുന്നത് 

കൊൽക്കത്ത: രാജ്യത്ത് ബിജെപി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോളുകൾക്ക് പിന്നാലെ മുസ്ലിങ്ങളെ നാടുകടത്താൻ ഹിതപരിശോധന ആവശ്യപ്പെട്ട് യുവാവ് രംഗത്തെത്തി. ഇതിനെതിരെ ട്വിറ്ററിലൂടെ ബാങ്കിന് പരാതി നൽകിയ യുവാവിനോട്, ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ബാങ്ക് ഉറപ്പ് നൽകി. എന്നാൽ ജീവനക്കാരനെ തൊട്ടുപോയാൽ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും വിച്ഛേദിക്കുമെന്ന് വ്യാപക ഭീഷണിയാണ് ഇപ്പോൾ ഉയരുന്നത്.

എച്ച്‌ഡിഎഫ്‌സി ലൈഫിൽ സീനിയർ സയന്റിസ്റ്റാണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ അക്ഷയ് ലഹോടി. ഫെയ്‌സ്ബുക്കിലെ തന്റെ അക്കൗണ്ടിൽ ഇദ്ദേഹം രാജ്യത്തുള്ള എല്ലാ മുസ്ലിങ്ങളെയും പാക്കിസ്ഥാനിലേക്ക് അയക്കാൻ ഹിന്ദുക്കൾക്കിടയിൽ റഫറണ്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നത് ഇങ്ങിനെ.

"1947 ൽ മുസ്ലിങ്ങൾക്ക് വേണ്ടി പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിച്ചപ്പോൾ ഇന്ത്യയിൽ മുസ്ലിങ്ങളെ തുടരാൻ അനുവദിക്കണോ വേണ്ടേ എന്ന കാര്യം അറിയാൻ ബ്രക്സിറ്റ് പോലൊരു സംവിധാനം ഉണ്ടായിരുന്നില്ല. ചില ഉന്നതർ ഇന്ത്യ മതനിരപേക്ഷ രാജ്യമായിരിക്കണം എന്ന അവരുടെ തീരുമാനം ഇന്ത്യയിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത്. അങ്ങിനെയൊരു അവസരം ഉണ്ടായിരുന്നെങ്കിൽ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കുന്നതിനെതിരെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുമായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്. ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത വിഭജനം എല്ലാ ഹിന്ദുക്കളുടെയും ആഗ്രഹപ്രകാരം പൂർത്തിയാക്കാൻ എന്തുകൊണ്ടിപ്പോൾ തയ്യാറായിക്കൂട? ഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം ആ തീരുമാനം മാനിച്ച്, മുസ്ലിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകണം."

എന്നാൽ അക്ഷയ് ലഹോട്ടിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ അസോസിയേറ്റ് ഫ്രാൻസ് പ്രസിൽ ജോലി ചെയ്യുന്ന ഉസൈൽ ഹാസൻ റിസ്‌വി പരാതിയുമായി എച്ച്‌ഡിഎഫ്‌സി ബാങ്കിനെ സമീപിച്ചു. അക്ഷയ് ലഹോട്ടിയുടെ പ്രസ്താവന മുസ്ലിം വിരുദ്ധമാണെന്നും അപരിചിതരെയും വിദേശികളെയും വെറുക്കുന്നതുമാണെന്നും ഉസൈർ തന്റെ ട്വീറ്റിൽ കുറ്റപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് മുസ്ലിങ്ങളോട് വെറുപ്പ് നിറഞ്ഞതാണ്. ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ എനിക്ക് രണ്ട് തവണ ചിന്തിക്കേണ്ടി വരും. ഇത്തരം ജീവനക്കാർ പക്ഷപാതപരമായാവും പെരുമാറുക എന്നും ഉസൈർ ട്വീറ്റിൽ കുറിച്ചു.

Scroll to load tweet…

ഉസൈറിന്റെ ട്വീറ്റിന് കമന്റ് ബോക്സിൽ തന്നെ എച്ച്‌ഡിഎഫ്‌സി കെയർ മറുപടിയുമായി എത്തി. അക്ഷയ് ലഹോട്ടി തങ്ങളുടെ ജീവനക്കാരനാണെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ബാങ്ക് വ്യക്തമാക്കി. 

Scroll to load tweet…

അക്ഷയ് ലഹോട്ടിയുടെ പരാമർശത്തെ ബാങ്കിന്റെയും എച്ച്‌ഡിഎഫ്സി ഗ്രൂപ്പിന്റെയും പേരിൽ ശക്തമായി അപലപിക്കുന്നുവെന്ന് ബാങ്ക് ട്വീറ്റിലൂടെ പറഞ്ഞു. എന്നാൽ ട്വീറ്റിന് താഴെ നിരവധി പേരാണ് ബാങ്കിന്റെ സേവനങ്ങൾ വേണ്ടെന്ന് വയ്ക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

Scroll to load tweet…

ഒരാഴ്ചക്കുള്ളിൽ 50 അക്കൗണ്ടുകൾ നിർത്തിയാൽ എങ്ങിനെയിരിക്കും എന്നാണ് ഗണേഷ് കുമാർ എന്ന വ്യക്തി ചോദിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ന്യൂനപക്ഷങ്ങൾക്കും അർബൻ നക്സലുകൾക്കും മാത്രമേയുള്ളൂവെന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഹിന്ദുവിരുദ്ധരാണെന്നും മറ്റൊരാൾ കുറിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ന്യായാധിപനാവാൻ ശ്രമിക്കേണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. 

അക്ഷയുടേതിന് സമാനമായ ചിന്താഗതിയാണ് തനിക്കുള്ളതെന്ന് പറഞ്ഞ പൂർണേഷ് എന്ന വ്യക്തി എച്ച്‌ഡിഎഫ്‌സി ബാങ്കിലെ തന്റെ അക്കൗണ്ട് നിലനിർത്തണോ വേണ്ടേ എന്ന് ചോദിച്ചു. 

Scroll to load tweet…

അക്ഷയ്ക്ക് എതിരെ നടപടിയെടുത്താൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ചൗകിദാർ ശശാങ്ക് ലാവു എന്നയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll to load tweet…