ദില്ലി: ഭീമ കൊറേഗാവ് കേസിൽ ദില്ലി സര്‍വകലാശാല മലയാളി അധ്യാപകൻ ഹനി ബാബുവിൻറെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുടുംബവും പ്രതിപക്ഷ പാർട്ടികളും.  ഇല്ലാത്ത രേഖയുടെ പേരിലാണ് അറസ്റ്റെന്ന് ഹനി ബാബുവിൻറെ ഭാര്യ ജെന്നി റൊവീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹനി ബാബുവിനെ ഇന്ന് മുംബൈയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും

രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹനി ബാബു എംടി.  ദില്ലി സർവ്വകലാശാല ഇംഗ്ളീഷ് അധ്യാപകനായ തൃശൂർ സ്വദേശിയായ ഹനി ബാബുവിൻറെ വീട്ടില്‍ പൂനെ പോലീസ് കഴിഞ്ഞ സെപ്തംബറിൽ പരിശോധന നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത ലാപ്ടോപിൽ നിന്ന് മാവോയിസ്ററുകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ കിട്ടിയെന്നാണ് എൻഐഎ അവകാശപ്പെടുന്നത്. 

ഒപ്പം പുനെയിൽ അക്രമത്തിന് പ്രേരിപ്പിച്ച എൽഗർ പരിഷത് സംഘടിപ്പിച്ചതിലും ഹനി ബാബുവിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു. പൊലീസ് പിടിച്ചു കൊണ്ടു പോയ ലാപ്ടോപിൽ പിന്നീട് രേഖ കിട്ടിയെന്നാണ് പറയുന്നതെന്ന്  ഹനി ബാബുവിൻറെ ഭാര്യ ദില്ലി  മിറാൻഡ കോളേജ് അധ്യാപിക ജെന്നി റൊവീന ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രചാരത്തിലുള്ള രണ്ട് പുസ്കങ്ങളാണ് പോലീസ് ആകെ പിടിച്ചെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ ദില്ലി യൂണിവേഴ്സിറ്റി അധ്യാപകൻ ജിഎൻ സായിബാബയ്ക്ക് വേണ്ടി വാദിക്കുന്നതിനാണ് ഈ വേട്ടയാടലെന്നും ജെന്നി റൊവീന പറയുന്നു

അറസ്റ്റിനെതിരെ കോൺഗ്രസ് നേതാവ് കപിൽ സിബലും രംഗത്തെത്തി. അധ്യാപകരെ മാവോയിസ്റ്റുകളും,  വെടിവയ്ക്കണം എന്ന് മുദ്രാവാക്യം വിളിച്ചവരെ ദേശസ്നേഹികളും ആക്കുകയാണ് സർക്കാരെന്ന് സിബൽ ട്വീറ്റ് ചെയ്തു. മലയാളിയായ റോണ വിൽസൺ ഉൾപ്പടെ 9 പേരെ കേസിൽ പൂനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തു. ഈവർഷം ആദ്യം കേസെടുത്ത എൻഐഐ രേഖപ്പെടുത്തുന്ന മൂന്നാമത്തെ അറസ്റ്റാണ് ഹനി ബാബുവിൻറേത്.