പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തിന് തൊട്ടുപിന്നാലെ 'അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്' എന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
ദില്ലി: അൽപ്പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തിന് തൊട്ടുപിന്നാലെ 'അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്' എന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ അറിയിപ്പിനെ തുടർന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിളെല്ലാം ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കവേയാണ് ഒമർ അബ്ദുള്ളയുടെ പരിഹാസം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് എന്ത് പ്രസ്താവനയാകും പ്രധാനമന്ത്രിക്ക് നടത്താനാവുകയെന്നും ഒമർ അബ്ദുള്ള മറ്റൊരു ട്വീറ്റിൽ ചോദിക്കുന്നു.
അൽപ്പസമയത്തിനകം സുപ്രധാന പ്രസ്താവന ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമുളള അഭിസംബോധനയ്ക്കായി കാത്തിരിക്കുക എന്നായിരുന്നു മോദിയുടെ സന്ദേശം. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം, രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ യോഗം എന്നിവയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 11.45നും 12 മണിക്കുമിടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് മോദിയുടെ സന്ദേശമെങ്കിലും പ്രധാനമന്ത്രിയുടെ പ്രസ്താവന വൈകുകയാണ്.
