മുംബൈ: മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരിൽ ഭൂരിഭാഗത്തിനും രോഗലക്ഷണണങ്ങളില്ല. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ നഴ്സിന്‍റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. അതിനിടെ രോഗസാധ്യതയുള്ള നഴ്സുമാരെ ക്വാറന്‍റൈൻ ചെയ്യാൻ ഇപ്പോഴും ആശുപത്രികൾ തയാറാകുന്നില്ലെന്ന് നഴ്സുമാരുടെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നതിനിടെയാണ് ആരോഗ്യ പ്രവർത്തകരും മുംബൈയിൽ കൂട്ടത്തോടെ രോഗബാധിതരാവുന്നത്. മുംബൈ വൊക്കാർഡ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച 46 മലയാളി നഴ്സുമാരിൽ 30 പേർക്കും രോഗക്ഷണങ്ങളില്ല എന്നതാണ് ആശ്വാസം. പ്രതിരോധമരുന്നുകൾക്ക് രോഗലക്ഷണങ്ങളെ ഇല്ലാതാക്കാൻ ആകില്ലെന്നാണ് വിദഗ്ദ അഭിപ്രായമെങ്കിലും എല്ലാവർക്കും രോഗംപടർന്ന് തുടങ്ങിയതോടെ മരുന്ന് നൽകിയിരുന്നു.

നിലവിൽ ആരുടേയും നിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി പറയുന്നു. ആശുപത്രി ജീവനക്കാരും രോഗികളുമായ കൂടുതൽ പേരുടെ ഫലം ഇനിയും വരാനുണ്ട്. അതിനിടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലും മലയാളി നഴ്സിന് രോഗം സ്ഥിരീകരിച്ചിരുന്നു. ആശുപത്രികളുടെ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് ഭയന്ന്സ്വകാര്യ ആശുപത്രികൾ നഴ്സുമാരെ ക്വാററ്റൈൻ ചെയ്യുന്നില്ലെന്ന പരാതി ശക്തമാണ്.