ദില്ലി: കൊവിഡ് തീവ്രബാധിത മേഖലകളിൽ അവശ്യവസ്തുക്കൾ ജനങ്ങളുടെ വീട്ടിലെത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവശ്യവസ്തുക്കൾക്ക് രാജ്യത്ത് ക്ഷാമമില്ല. രോഗബാധിതരിൽ 20 ശതമാനത്തിന് മാത്രമേ ആശുപത്രിയിലെ ഐസിയു, വെന്റിലേറ്റർ സംവിധാനം  വേണ്ടിവരുന്നുള്ളു എന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.

219 കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ രാജ്യത്ത് സജ്ജമാണ്. 1.86 ലക്ഷം സ്രവ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ആറ് ദിവസം കൂടുമ്പോൾ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതായാണ് കണ്ടുവരുന്നത്. ഓരോ ദിവസവും പതിനയ്യായിരം സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. 1.05 ലക്ഷം കിടക്കകൾ ആശുപത്രികളിൽ സജ്ജമാണ്.

കൂടുതൽ വെന്റിലേറ്ററുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ കിടക്കകൾ അനുവദിക്കും. സൈനിക ആശുപത്രികളും സജ്ജമാക്കും. കൊവിഡിനെതിരായ വാക്‌സിൻ വികസിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. 40 വാക്‌സിനുകളാണ് വികസിപ്പിക്കാൻ ശ്രമം നടക്കുന്നത്. ഇത് ഇതുവരെ അന്തിമഘട്ടത്തിലെത്തിയിട്ടില്ല.

സുകന്യസമൃദ്ധി യോജനക്കും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനും തവണ അടക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ആരോഗ്യരംഗത്ത് സർക്കാർ സ്വകാര്യ മേഖലകൾ കൊവിഡിനെതിരെ ഒന്നിച്ച് പോരാടുകയാണെന്നും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളും ഐസിഎംആറും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Read Also: ചൈനയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി പുറപ്പെട്ട കപ്പല്‍ യുഎസിലേക്ക് വഴി തിരിച്ചു...