നേരത്തെ രാജ്യത്ത് ഉടനീളം കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ വ്യക്തത നൽകുകയായിരുന്നു. 

ദില്ലി: രാജ്യത്ത് സൗജന്യ കൊവിഡ് വാക്സിൻ ആദ്യഘട്ടത്തിലെ മുൻഗണന പട്ടികയിലെ മൂന്ന് കോടി പേർക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ബാക്കിയുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകണമോ എന്നതിൽ ജൂലൈയിൽ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ രാജ്യത്ത് ഉടനീളം കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ വ്യക്തത നൽകുകയായിരുന്നു. എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കില്ലെന്നാണ് നേരത്തേ കേന്ദ്രം എടുത്തിരുന്ന നിലപാട്. ഇതിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും സൗജന്യ വാക്സിൽ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത് വാർത്തയായതോടെയാണ് പിന്നീട് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. 

Scroll to load tweet…

വിദഗ്ധ സമിതി ശുപാർശ ഡ്രഗ്സ് കണ്ട്രോൾ ജനറൽ പരിശോധിച്ചു വരികയാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടൻ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിന് വേണ്ടി കേന്ദ്ര സർക്കാർ ബന്ധപ്പെടുമെന്നും രണ്ടര കോടി പേർക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. 

ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ നടന്നു. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിച്ചു. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകിയത്. 

അതേ സമയം അതിതീവ്ര വൈറസ് ബാധ തടയുന്നതിൻറെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം. ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയണം. യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.