ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പരീക്ഷാ നടത്തിപ്പിന്  ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.  രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക. 

ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ക്രമീകരിക്കേണ്ടതെന്നാണ് മാർ​ഗനിർദ്ദേശത്തിൽ പറയുന്നത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം. കണ്ടൈന്‍മെന്‍റ് സോണില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കരുത്. കണ്ടെെന്‍മെന്‍റ് സോണിലുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. സ്കൂള്‍ പരിസരത്ത് തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും  ആരോഗ്യ മന്ത്രാലയത്തിന്റെ  മാര്‍ഗനിര്‍ദ്ദേശത്തിൽ പറയുന്നു.

മാർ​ഗനിർദേശങ്ങൾ ഇവിടെ വായിക്കാം..

പ്രതിഷേധങ്ങൾക്കിടെ ഐഐടി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇക്ക് ഇന്നലെ തുടക്കമായിരുന്നു. ഈ മാസം ആറ് വരെയാണ് പരീക്ഷ നടക്കുക. കേരളത്തിലുൾപ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്.  പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയർന്നത്. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി എത്തിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബർ 13 നാണ് നടക്കുക. വിദ്യാർത്ഥികളുടെ കരിയർ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മെഡിക്കൽ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.