പാട്ന: ബിഹാറിൽ ചൂടുകാറ്റ് മൂലം മരണമടയുന്നവരുടെ എണ്ണം കൂടുന്നു. ചൂടുകാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 184 പേർ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. ചൂടുകാറ്റിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ഗയ ജില്ലയില്‍ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുവരെ 40 പേരാണ് ​ഗയയിൽ മാത്രം മരണമടഞ്ഞത്.

ചൂടുകാറ്റ് മൂലം ​ഗുരുതരാവസ്ഥയിലായ നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മഗദ് റേഞ്ചിലെ അഡീഷനൽ ഹെൽത്ത് ഡയറക്ടർ ഡോ. വിജയ് കുമാർ പറഞ്ഞു. ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും. ഗയ, പട്‌ന തുടങ്ങിയ ജില്ലകളിൽ ശനിയാഴ്ച മാത്രം 45 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് രേഖപ്പെടുത്തിയത്.

ചൂടുകാറ്റിനെ തുടര്‍ന്ന് നവാഡയില്‍ അഞ്ച് പേര്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപാ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.  ചൂടുകാറ്റിൽ ആളുകൾ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകൾ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി.