രണ്ട് ദിവസമായി പെയ്യുന്ന മഴ കഴിഞ്ഞ രാത്രിയോടെയാണ് ഉത്തരാഖണ്ഡിൽ കലി തുള്ളി തുടങ്ങിയത്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം മൂലം കനത്ത നാശമുണ്ടായത്. 

നൈനിറ്റാൾ: ഉത്തരാഖണ്ഡ് (Utharakand Flood) പ്രളയത്തില്‍ മരണം 35 ആയി. മേഘവിസ്ഫോടനത്തെ (cloudburst) തുടര്‍ന്ന് നൈനിറ്റാളിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്ത നിവാരണ സേനയെ കൂടാതെ കര,വ്യോമസേനകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. 

രണ്ട് ദിവസമായി പെയ്യുന്ന മഴ കഴിഞ്ഞ രാത്രിയോടെയാണ് ഉത്തരാഖണ്ഡിൽ കലി തുള്ളി തുടങ്ങിയത്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം മൂലം കനത്ത നാശമുണ്ടായത്. മൂന്ന് പ്രധാനപാതകളില്‍ മണ്ണും പാറയും ഇടിഞ്ഞുവീണതോടെ നൈനിറ്റാള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പൗരി, ചമ്പാവത്, അല്‍മോര, ഉദ്ധംസിംഗ് നഗര്‍ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. 

നൈനിറ്റാളില്‍ മാത്രം 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ചുറ്റം വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന്നൈനിറ്റാളിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സേനക്കൊപ്പം കരസേനയും, വ്യോമസേനയുടെ മൂന്ന് ഹെലികോപറ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദുരന്ത ബാധിത മേഖലകളില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ആകാശനിരീക്ഷണം നടത്തി.

പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥിതി വൈകാതെ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത് - പുഷ്കര്‍ സിംഗ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. ബദരീനാഥ് ദേശീയ പാതയില്‍ യാത്രക്കാരുമായി പോകവേ മലയിടിച്ചിലില്‍ പെട്ട കാര്‍ സാഹസികമായാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തു. കാറിലെ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഗൗല നദിക്ക് സമീപം റയില്‍ പാത ഒലിച്ചു പോയിട്ടുണ്ട്. ഈ നദിക്ക് കുറുകെയുള്ള പാലവും തകര്‍ന്നു. ബദരീനാഥ് ക്ഷേത്രത്തിലും, ജോഷിമഠിലുമായി നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ തീര‍്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ്.