ഹൈദരാബാദ്: തെലങ്കാനയിലെ നാരായണപേട്ട് ജില്ലയില്‍ ശക്തമായി തുടരുന്ന മഴയില്‍ മണ്ണുവീട് തകര്‍ന്നുവീണ് എട്ടുവയസ്സ് പ്രായമായ പെണ്‍കുട്ടി മരിച്ചു. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരപരിക്കേറ്റു. മഴ കനത്തതോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. അമ്മ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച തുടങ്ങിയ മഴയില്‍ സംസ്ഥാനത്തെ ഗ്രാമങ്ങളും തകരങ്ങളും തകര്‍ന്ന അവസ്ഥയിലാണ്. 

വെള്ളിയാഴ്ച ഹൈദരാബില്‍ 8.9 സെന്‍റിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 200 ഓളം വീടുകള്‍ വെള്ളത്തിനടിയിലായി. മഴയില്‍ എംഎസ് മക്ടയില്‍ അഴുക്കുചാലിന്‍റെ ഭിത്തി തകര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ ഒരു സ്കൂള്‍ മതില്‍ തകര്‍ന്നുവീണിരുന്നു. സമീപത്തുനിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളിലേക്കാണ് മതില്‍ വീണത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.