മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 700-ഓളം യാത്രക്കാരുമായി പോയ മുംബൈ-കോലാപൂര്‍ മഹാലക്ഷ്മി എക്സപ്രസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് ബോട്ടുകളും പുറപ്പെട്ടിട്ടുണ്ട്.

ആറടിയോളം വെള്ളക്കെട്ടാണ് ട്രെയിനിന് ചുറ്റും രൂപപ്പെട്ടത്. ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാര്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. മണിക്കൂറുകളായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനിലയിലാണ് യാത്രക്കാര്‍. രക്ഷപെടനായി വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റെയില്‍വേ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ  ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ സിയോൺ, മാട്ടുംഗ, മാഹിം, അന്ധേരി, മലാഡ്, ദഹിസർ എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.  മഴ റോഡ്-റെയില്‍ -വ്യോമ ഗതാഗത സര്‍വ്വീസുകളെ സാരമായി ബാധിച്ചു.