ബംഗാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഫ്ലാ​ഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. കൊൽക്കത്തയിൽനിന്നും പുറപ്പെടുന്ന ട്രെയിനിൽ ബം​ഗാളി ഭക്ഷണമടക്കം വിതരണം ചെയ്യും

ദില്ലി: ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്കെത്തുന്നതിന്‍റെ ആവേശത്തിലാണ് റെയിൽവേ അധികൃതർ. ഈ മാസം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്യുക. ബംഗാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഫ്ലാ​ഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. കൊൽക്കത്തയിൽനിന്നും പുറപ്പെടുന്ന ട്രെയിനിൽ ബം​ഗാളി ഭക്ഷണവും, അസമിൽ നിന്നും പുറപ്പെടുമ്പോൾ അസമീസ് ഭക്ഷണവും വിളമ്പുമെന്ന് മന്ത്രി അറിയിച്ചു. അതിനിടെ വന്ദേ ഭാരത് സ്ലീപ്പർ പ്രഖ്യാപനം രാഷ്ട്രീയ വൽക്കരിക്കുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺ​ഗ്രസ് രംഗത്തെത്തി. മികച്ച ട്രെയിനുകൾ നേരത്തെ തന്നെ ബം​ഗാളിന് ലഭിക്കേണ്ടതാണെന്നും റെയിൽവേയിൽ നവീകരണം അനിവാര്യമാണെന്നും തൃണമൂൽ നേതാവ് കുണാൽ ഘോഷ് പറഞ്ഞു. മമത ബാനർജി റെയിൽ മന്ത്രിയായിരുന്നുവെന്നും, അന്ന് എത്രത്തോളം മാറ്റമുണ്ടായെന്ന് ജനങ്ങൾക്കറിയാമെന്നും കുണാൽ ഘോഷ് ചൂണ്ടിക്കാട്ടി.

കേരളത്തിനും കിട്ടുമോ?

അതേസമയം കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ എപ്പോൾ കിട്ടുമെന്ന ആകാംക്ഷയും ഉയരുകയാണ്. ദക്ഷിണേന്ത്യയിലേക്ക് അടക്കം 8 വന്ദേ ഭാരത് സ്ലീപ്പർ വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ കേരളത്തിനും വൈകാതെ തന്നെ വന്ദേ ഭാരത് സ്ലീപ്പർ ലഭിച്ചേക്കാനാണ് സാധ്യത.

വന്ദേ ഭാരത് സ്ലീപ്പർ വിശേഷങ്ങൾ

റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. ഈ മാസം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ. കോട്ട - നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 11 ത്രീ - ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), 4 ടൂ - ടയർ എ സി കോച്ചുകൾ (188 സീറ്റുകൾ), ഒരു ഫസ്റ്റ് ക്ലാസ് എ സി കോച്ച് (24 സീറ്റുകൾ) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.