രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് കാർ പൂർണമായി തകരുകയായിരുന്നു. മൂന്ന് പേരും തൽക്ഷണം മരിച്ചു.
അഹ്മദാബാദ്: കാറും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്യുകയായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ബറൂചിൽ വെച്ചായിരുന്നു അപകടം. ഗുജറാത്തിലെ പൽഗാർ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ അജ്മീറിൽ നിന്ന് മടങ്ങി വരികയായിരുന്നു. സൂറത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം
ബുധനാഴ്ച പുലർച്ചെ ബറൂചിലെ പാലത്തിന് മുകളിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ഒരു ട്രക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വളരെ വേഗം മുന്നോട്ട് നീങ്ങി, തൊട്ടുമുന്നിൽ വേഗത കുറിച്ച് സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചു കയറി. രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് കാർ പൂർണമായി തകർന്നു.
കാറിലെ യാത്രക്കാരായ അയാൻ ബാബ (23), താഹിർ നാസിർ ശൈഖ് (32) അൻസർ പട്ടേൽ (26) എന്നിവർ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ബറൂചിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് കാർ റോഡിൽ നിന്ന് നീക്കം ചെയ്തത്.
