Asianet News MalayalamAsianet News Malayalam

Bipin Rawat : ജന. ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില ഗുരുതരം, അപകടം ലാൻഡിംഗിന് മുമ്പ്

സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Helicopter Crash In Ootty Coonoor General Bipin Rawat In Hospital
Author
Ooty, First Published Dec 8, 2021, 2:31 PM IST

ചെന്നൈ: സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. കോയമ്പത്തൂരിൽ നിന്ന് ഉന്നതതല മെഡിക്കൽ സംഘം ഊട്ടിക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വെല്ലിംഗ്ടൺ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ കാലിലും ഇടതുകൈയ്യിലുമായി ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യയും 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലാണ്. 

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജന. ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ

സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. 12.20-ഓടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഹെലിപാഡിന് 10 കിലോമീറ്റർ ദൂരത്താണ് ദുരന്തം സംഭവിച്ചത്. സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയ നാട്ടുകാരാണെങ്കിലും ഇപ്പോൾ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്. 

ഇന്ത്യൻ സൈന്യത്തെയും ഭരണകൂടത്തെയും തന്നെ ഞെട്ടിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭായോഗം ചേരുകയാണ് ദില്ലിയിൽ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തന്നെ നേരിട്ട് ഊട്ടിയിലെ കൂനൂരിലേക്ക് തിരിക്കാനിരിക്കുകയാണ്. പ്രതിരോധമന്ത്രി വിവരങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുന്നുണ്ട്. ഊട്ടിയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പാർലമെന്‍റിൽ അപകടത്തെക്കുറിച്ച് വിശദീകരിക്കും. 

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios