ആ​ഗ്ര: സർക്കാരിന്റെ 500 രൂപ ധനസ​ഹായത്തിനായി കിലോമീറ്ററോളം നടന്നിട്ടും നിരാശയായി മടങ്ങേണ്ടി വന്ന സ്ത്രീയ്ക്ക് സഹായപ്രവാഹം. നട്ടെല്ലിന് തകരാറുള്ള രാധാ ദേവി (50) എന്ന സ്ത്രീയാണ് ധനസഹായത്തിനായി 30 കിലോമീറ്ററോളം നടന്നത്. 500 രൂപയ്ക്കായി ബുദ്ധിമുട്ടിയ രാധാ ദേവിയുടെ അക്കൗണ്ടിലേക്ക് ഇതിനോടകം 26,000 രൂപയാണ് എത്തിയതെന്ന് അധികൃതർ പറയുന്നു. 

കൊവിഡ് ധനസഹായം സ്വീകരിക്കാനായി ആഗ്രയിലെ ശംബു നഗറിൽ നിന്ന് ഫിറോസാബാദ് വരെയാണ് രാധാ ദേവി സഞ്ചരിച്ചത്. എന്നാൽ, ബാങ്ക് അക്കൗണ്ട് ജൻ ധൻ അക്കൗണ്ടല്ലാത്തതിനാൽ ഇവർക്ക് നിരാശയോടെ മടങ്ങേണ്ടി വരികയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ രാധാ ദേവിയുടെ എസ്ബിഐ അക്കൗണ്ടിലേയ്ക്ക് ഇതുവരെ 29 പേര്‍ പണം അടച്ചിട്ടുണ്ടെന്ന് എസ്ബിഐ പാചോഖര ശാഖാ മനേജര്‍ ലക്ഷ്മൺ സിങ് അറിയിച്ചു. ഇതോടെ ഇവരുടെ ബാങ്ക് ബാലൻസ് 207 രൂപയില്‍ നിന്ന് 26,000 രൂപയായി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാധാ ദേവിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി അര്‍ജുൻ റാം മേഘ്‍‍വാളും ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. രാധയുടെ വിവരം ധനമന്ത്രാലയത്തോട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ഉടൻ ജൻധൻ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അറിയിച്ചു. 

അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച സഹായത്തില്‍ സന്തോഷവതിയാണ് രാധാ ദേവി. അറിയുക പോലുമില്ലാത്ത ആളുകളില്‍ നിന്ന് ഇത്രയും സ്നേഹം ലഭിക്കുമെന്ന് താൻ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് രാധാദേവി പറയുന്നു. രാധാദേവി യഥാർത്ഥത്തിൽ ഫിറോസാബാദ് ജില്ലയിലെ ഹിമ്മത്പൂർ സ്വദേശി ആയിരുന്നുവെങ്കിലും 20 വർഷം മുമ്പ് ദൈനംദിന കൂലി ജോലിക്കായി അയൽരാജ്യമായ ആഗ്രയിലെ ശംബു നഗർ പ്രദേശത്തേക്ക് കുടിയേറുകയായിരുന്നു.