ദില്ലി: തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സം​ഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിൽ പ്രതികരണവുമായി സിനിമാ താരവും ബിജെപിയുടെ പാർലമെന്റ് അം​ഗവുമായി ഹേമമാലിനി. കുറ്റവാളികളെ ഒരിക്കലും ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് ഹേമമാലിനി പറഞ്ഞു.

'സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ പറ്റിയുള്ള വാർത്തകൾ നമ്മൾ ദിവസവും കേൾക്കുന്നുണ്ട്. ജയിലിൽ കഴിഞ്ഞാൽ കുറ്റവാളികളെ സ്ഥിരമായി അവിടെ തന്നെ അടയ്ക്കണം എന്നണ് എന്റെ അഭിപ്രായം. എന്ത് തീരുമാനം എടുത്താലും കുറ്റവാളികൾ ഒരിക്കലും ജയിലിൽ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാൽ ഇതേ കാര്യം തന്നെ അവർ വീണ്ടും ചെയ്യും. അവർക്ക് പൈശാചിക സ്വഭാവം വന്നുകഴിഞ്ഞു. കുറ്റം ചെയ്യാൻ മറ്റുള്ളവർക്ക് ഇവർ പ്രചോദനമാകും'-ഹേമമാലിനി പറഞ്ഞു.

Read More: തെലങ്കാന കൂട്ടബലാത്സം​ഗം; പ്രതികൾക്ക് ഉടനടി ശിക്ഷ നൽകണം; ജയാ ബച്ചനെ പിന്തുണച്ച് എംപി മിമി ചക്രവർത്തി

പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുത്ത് പരസ്യമായി തല്ലിക്കൊല്ലണമെന്നുള്ള എംപി ജയാ ബച്ചന്റെ പ്രസ്താവനയെ പിന്തുണച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മിമി ചക്രവർത്തി രം​ഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള ശിക്ഷയിലൂടെ മാത്രമേ സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള ലൈം​ഗികാതിക്രമങ്ങൾക്ക് അവസാനമുണ്ടാകൂ എന്ന് മിമി ചക്രവർത്തി പറഞ്ഞു.

''ഇത്തരം ആളുകളെ (പ്രതികളെ) പൊതുജനമധ്യത്തിൽ കൊണ്ടുവരണം. എന്നിട്ട് കൊലപ്പെടുത്തണം'', എന്നായിരുന്നു കഴിഞ്ഞ ദിവസം സമാജ്‍വാദി പാർട്ടി എംപിയും അഭിനേത്രിയുമായ ജയാ ബച്ചൻ പാർലമെന്റിൽ പറഞ്ഞത്.''സർക്കാർ ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യുമെന്നതിനൊരു മറുപടി തരണം'', എന്നും ജയാ ബച്ചൻ പറഞ്ഞിരുന്നു.

Read Also: 'തെലങ്കാന പ്രതികളെ പൊതുമധ്യത്തിൽ കൊല്ലണം', ജയാ ബച്ചൻ, പൊട്ടിക്കരഞ്ഞ് അണ്ണാ ഡിഎംകെ എംപി