നിയമസഭാഗത്വം റദ്ദായാല്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം  രാജിവെക്കുകയും മന്ത്രി സഭ പിരിച്ചുവിടുകയും വേണം. 

ദില്ലി: ജാർഖണ്ഡ‍ില്‍ കുതിരകച്ചവടം ഭയന്ന് യുപിഎ എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉള്‍പ്പെടെയുള്ളവരാണ് റായ്പൂരിലെത്തിയത്. ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കുന്നതില്‍ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് എത്തിച്ചത്. ഏത് പ്രതിസന്ധി വന്നാലും നേരിടുമെന്ന് റാഞ്ചിയില്‍ നിന്ന് വിമാനം കയറും മുന്‍പ് ഹേമന്ത് സോറന്‍ പറഞ്ഞു. സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഗവർണർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാഗത്വം റദ്ദായാല്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രി സഭ പിരിച്ചുവിടുകയും വേണം. 

ചൊവ്വാഴ്ച ഉച്ചയോട് കൂടി റായ്പുരുലെ മേയ് ഫ്ലവർ റിസോർട്ടിലേക്ക് ഭരണകക്ഷി എംഎൽഎമാരെ മാറ്റിയത്. മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിൽ ഇവർക്കുവേണ്ടി വിമാനം ചാര്‍ട്ട് ചെയ്തിരുന്നു. ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പുരിലുള്ള മേയ് ഫ്ലവർ റിസോർട്ടിൽ എംഎൽഎമാർ എത്തിച്ചേർന്നതിന്റെ ദൃശ്യങ്ങൾ വാര്‍ത്താ ഏജന്‍സിയായ എഎൻഐ പുറത്തുവിട്ടു. 

കഴിഞ്ഞ ദിവസം ഹേമന്ത് സോറന്‍റെ നേതൃത്വത്തിൽ 43 എംഎൽഎമാർ ഖുംടി ജില്ല സന്ദർശിച്ചതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഹേമന്ത് സോറന്റെ അയോഗ്യത വിവാദം സർക്കാറിനെ അട്ടിമറിക്കാനുള്ള ആയുധമാക്കി ബിജെപി ഉപയോഗിക്കുമോ എന്ന ആശങ്കയും ഭരണകക്ഷിക്കുണ്ട്. 

81 അംഗ നിയമസഭയിൽ ജെഎംഎം 30, കോൺഗ്രസ് 18, ആർജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്. കരിങ്കൽ ഖനിക്കു സോറൻ ഭരണസ്വാധീനമുപയോഗിച്ച് അനുമതി പുതുക്കിയെടുത്തെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യമന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 9എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.


Scroll to load tweet…