പുകഴ്ത്തൽ വിവാദം ആളിക്കത്തിക്കേണ്ടെന്ന് ഹൈക്കമാൻഡ്, ശശി തരൂരിനെതിരെ എഐസിസി നടപടി ഉണ്ടാകില്ലെന്ന് സൂചന

സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തരൂരിനോട് സംസാരിച്ചു

High Command not to inflame Shashi Tharoor praise controversy AICC hints that no action will be taken against Tharoor

ദില്ലി: ശശി തരൂരിനെതിരെ നടപടിയുണ്ടാവില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ തരൂർ പുകഴ്ത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണെങ്കിലും വിഷയം ആളികത്തിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് ധാരണ. എ ഐ സി സി നേതൃത്വം തരൂരിനെ പാർട്ടി നിലപാടറിയിച്ചെങ്കിലും തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തരൂരിനോട് സംസാരിച്ചു. തരൂർ പാർട്ടി നയത്തിലേക്കെത്തും എന്ന് പ്രതീക്ഷിക്കുന്നതായി എ ഐ സി സി വൃത്തങ്ങൾ വ്യക്തമാക്കി.

'കോഴിക്കടകളും തട്ടുകടകളും ചേർത്താണ് മന്ത്രിയുടെ കണക്ക്', തരൂരിനെ വിമർശിക്കാതെ വ്യവസായ നേട്ടങ്ങളെ തള്ളി സുധാകരൻ

അതേസമയം പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്‍റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയാണ്. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയിൽ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കൺവീന‍ർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോൾ ചില നേതാക്കൾ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കിൽ തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.

അതിനിടെ ശശി തരൂർ എം പി പുകഴ്ത്തിയ കേരളത്തിന്‍റെ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്തെത്തി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നാണ് സുധാകരന്‍ കൂട്ടിച്ചേർത്തു. തരൂർ പുകഴ്ത്തിയ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറയുമ്പോഴും തരൂരിനെ കെ പി സി സി അധ്യക്ഷൻ വിമർശിച്ചില്ല എന്നത് ശ്രദ്ധേയമായി. തന്നെ കൂടി കൂട്ട് പിടിച്ചുള്ള തരൂരിന്‍റെ ഇന്നത്തെ പ്രതിരോധത്തിനുള്ള മറുപടി കൂടിയാണ് സുധാകരൻ വാർത്താക്കുറിപ്പിലൂടെ നൽകിയത്. സ്റ്റാർട്ട് അപ് വളർച്ചക്ക് തുടക്കം ഇട്ടത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അവിടെ നിന്ന് അർഹിക്കുന്ന വളർച്ച കേരളത്തിന് ഉണ്ടായില്ലെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി പി എം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios