ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം  വിലയിരുത്തും. ഇതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടക്കുകയാണ്. 

കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. 

നേരത്തെ മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 63371 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 895 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 ലക്ഷത്തിലേറെ പേർക്ക് രോഗം മാറി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്.1,12,161 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളും ഇപ്പോൾ രോഗമുക്തി നിരക്കിലാണ് മുന്നില്‍ നിൽക്കുന്നത്.