മുംബൈ: ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ മഹാരാഷ്ട്രയിൽ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞു. ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാവും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യൻ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി ഒറ്റ രാത്രി കൊണ്ട് നടത്തിയത്. 

പുലർച്ചെ നാല് മണിയോടെയാണ് ബിജെപിയും എൻസിപിയും തമ്മിൽ ധാരണയുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് പുലർച്ചെ നാല് മണി വരെ അജിത് പവാറുമായി ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ, തുടർന്ന് പുലർച്ചെ 5:41ന് രാഷ്ട്രപതി ഭരണം പിൻവലിക്കപ്പെട്ടു. 6 മണിയോടെ സത്യപ്രതിജ്ഞ. ഒരു ത്രില്ലർ സിനിമയുടെ ക്ലൈമാക്സിനെപ്പോലും നാണിപ്പിക്കുന്ന ട്വിസ്റ്റിൽ മഹാരാഷ്ട്രീയ നാടകങ്ങൾക്ക്  ക്ലൈമാക്സ്. 

ശിവസേന- എൻസിപി - കോൺഗ്രസ് ത്രികക്ഷി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബിജെപി അജിത് പവാറിനെ കൂടെക്കൂട്ടി സർക്കാരുണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോൺഗ്രസ് സംഭവവികാസങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.

അജിത് പവാർ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ശിവസേനയുടെ പ്രതികരണം, ഇന്നലെ രാത്രി 9 മണി വരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്ന് പറഞ്ഞ ശിവസേന നേതാവ് സഞ്ജയ് റൗത്ത് അജിത് പവാർ ഛത്രപതി ശിവജിയുടെ പേരിനെ അടക്കം അപമാനിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ജനം പിന്തുണച്ചത് ബിജെപിയെയാണെന്നായിരുന്നു സത്യപ്രതിജ്ഞക്ക് ശേഷമുള്ള ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രതികരണം. രാഷ്ട്രപതി ഭരണം തുടരുന്നത് മഹാരാഷ്ട്ര പോലുള്ള ഒരു സംസ്ഥാനത്തിന് ഒരു തരത്തിലും ഭൂഷണമല്ല, അവിയൽ മുന്നണിയുണ്ടാക്കാനാണ് അവർ ശ്രമിച്ചത് ഇവിടെ വേണ്ടത് ഒരു സ്ഥിരതയുള്ള സർക്കാരാണ് ദേവേന്ദ്ര ഫഡ്നാവിസ് ന്യായീകരിക്കുന്നു. 

നേരത്തെ തന്നെ എന്‍സിപിയ്ക്ക് ഉള്ളില്‍ നിന്നും ശിവസേനയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സ്വരം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ പലതവണ അജിത് പവാര്‍ ഇറങ്ങിപ്പോയ സ്ഥിതിയുണ്ടായിരുന്നു. 20 എംഎല്‍എമാര്‍കൂടി ഒപ്പമുണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളു. മഹാരാഷ്ട്രയിലും എന്‍സിപിയും ശരത് പവാറിനുള്ള സ്വാധീനം അജിത് പവാറിനില്ല എന്നതിനാല്‍ അജിത് പവാറിന് ഒപ്പം ഇത്രയും എംഎല്‍എമാര്‍ ഉണ്ടാകുമോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. 

എല്ലാ കർഷകർക്ക് വേണ്ടി

കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ആദ്യ വിശദീകരണം. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആർക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല, മഹാരാഷ്ട്രിയിൽ ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട് അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് അജിത് പവാർ വിശദീകരിക്കുന്നു. മഹാരാഷ്ട്രയിൽ ശക്തമായ സ്ഥിരതയുള്ള സർക്കാരുണ്ടാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അജിത് പവാറും ആവർത്തിച്ചു. 

എല്ലാം അജിതിന്‍റെ മാത്രം തീരുമാനമെന്ന് ശരത് പവാർ

ബിജെപിയുമായി കൂട്ടുകൂടാനുള്ള തീരുമാനം അജിത് പവാറിന്‍റേത് മാത്രമാണെന്നാണ്  ശരത് പവാർ പ്രതികരിച്ചിരിക്കുന്നത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഈ നീക്കത്തോട് അനുകൂലിക്കുന്നില്ലെന്നും ഒരു തരത്തിലും ഈ സഖ്യത്തെ അംഗീകരിക്കില്ലെന്നും പവാർ ട്വീറ്റ് ചെയ്തു.


കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. 

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

സ്വന്തമായുള്ള 105 സീറ്റുകൾക്ക് പുറമേ 20 സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ടെന്നാണ്  ബിജെപിയുടെ അവകാശ വാദം അങ്ങനെയാണെങ്കിൽ കൂടി കേവല ഭൂരിപക്ഷത്തിലേക്കെത്താൻ 20 സീറ്റുകൾ കൂടി വേണം.