ദില്ലി: ഉള്ളി വില നിയന്ത്രിക്കാനാകാത്തതില്‍ കൂടുതല്‍ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വില നിയന്ത്രിക്കുന്നതിനായി 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എംഎംടിസിയാണ് ഉള്ളി ഇറക്കുമതി ചെയ്യുക. നേരത്തെ ഈജിപ്തില്‍ നിന്ന് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. വില 75-120 രൂപയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന്  കഴിഞ്ഞ മാസമാണ് 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

രാജ്യത്തെ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണ ശാലകളില്‍ സൂക്ഷിച്ചുവെക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്. ഇറക്കുമതി ചെയ്ത ഉള്ളി കിലോക്ക് ശരാശരി 60 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. 

ഉള്ളി വില നിരീക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതി രൂപീകരിച്ചു. അതേസമയം, ഉള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ശരാശരി 75 രൂപയും നഗരങ്ങളില്‍ 120 രൂപയുമാണ് വില. 2019-20 വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം അറിയിച്ചു.