Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഉത്തരവ്.

Highcourt orders ban on usage of mobile phones in Tamil Nadu temples
Author
First Published Dec 3, 2022, 3:56 PM IST

മധുരൈ : തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്‍റെ ഉത്തരവ്. ക്ഷേത്രങ്ങളുടെ ശുദ്ധതയും പവിത്രതയും നിലനിർത്താനാണ് ഈ ഉത്തരവ് എന്നാണ് കോടതി പറയുന്നത്. 

ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഉത്തരവ്. ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനും കോടതിയുടെ നിർദേശങ്ങൾ പാലിക്കാനും തമിഴ്നാട് സര്‍ക്കാറിന്‍റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പ് കമ്മിഷണറോട് കോടതി നിർദേശിച്ചു.

ക്ഷേത്രങ്ങൾ മഹത്തായ ഇടങ്ങളാണ്. അവ പരമ്പരാഗതമായി എല്ലാവരുടെയും ജീവിതത്തിന്‍റെ കേന്ദ്രമാണ്. ക്ഷേത്രങ്ങള്‍ വെറും ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. 

ക്ഷേത്രം വാഗ്ദാനം ചെയ്യുന്ന ദൈവികതയും ആത്മീയതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഭക്തരെ ക്ഷേത്രങ്ങള്‍ എന്നും ആകര്‍ഷിക്കുന്നുണ്ട്. ദൈവിക ആത്മീയ  അനുഭവത്തെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും ഘടനകളും ഉറപ്പുവരുത്തിയാണ് ഒരു ക്ഷേത്രം നിർമ്മിക്കുന്നത്. അതിനാല്‍ അതിന്‍റെ പരിപാലനത്തിലും ആ ശ്രദ്ധ പുലര്‍ത്തണം.

ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അർഹതയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. എന്നാല്‍ ക്ഷേത്രപരിസരത്തിനകത്ത് ഈ സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ക്ഷേത്രത്തിലെ പൂജാദികർമങ്ങളിൽ പാലിക്കേണ്ട ആചാരങ്ങൾ സംബന്ധിച്ച നിയമങ്ങളും നിര്‍ദേശങ്ങളും നിലവിലുണ്ട്. 

ക്ഷേത്രത്തിന്‍റെ ആരാധനാ മര്യാദയും പവിത്രതയും നിലനിർത്തുന്നുവെന്ന് ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണം. അതിനാൽ ക്ഷേത്ര ദർശനത്തിൽ നിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍ ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം  അധികാരികൾക്ക് നിയന്ത്രിക്കേണ്ടതാണ്.

1947-ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന അംഗീകാര നിയമവും ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ട്രസ്റ്റികൾക്കോ ക്ഷേത്ര പരിസരത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരം നല്‍കുന്നുണ്ടെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. അതേസമയം ഭക്തരുടെ അവകാശങ്ങൾക്കും സൗകര്യങ്ങൾക്കും എതിരായ വിധത്തിലുള്ള നിയന്ത്രണങ്ങൾ പാടില്ലെന്നും ചട്ടങ്ങൾ അനുശാസിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. 

ഭക്തർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ രാജ്യത്തെ പല ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം കൊണ്ടുവരികയും വിജയകരമായി നടപ്പാക്കുകയും ചെയ്തതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവ മൊബൈൽ ഫോൺ നിരോധനം നിലവിലുണ്ട്. ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോൺ സൂക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ കൗണ്ടറുകൾ ഉണ്ട്.

തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോൺ നിരോധനം, മാന്യമായ ഡ്രസ് കോഡ് തുടങ്ങിയ എല്ലാ നടപടികളും അധികൃതർ ഇതിനകം സ്വീകരിച്ചിരുന്നു എന്ന വസ്തുത കണക്കിലെടുത്ത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. 

ക്ഷേത്രത്തിനകത്ത് പൂജാരിമാരും ഭക്തരും മറ്റും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതും, സ്വയം സഹായ സംഘങ്ങളെ നിയോഗിച്ച് ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ സംരക്ഷിക്കാന്‍ സംവിധാനം ഒരുക്കിയതും അടക്കം  തിരുച്ചെന്തൂർ  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അധികൃതർ  എടുത്ത നടപടികള്‍ മാതൃകയാണെന്ന് കോടതി നിരീക്ഷിച്ചു. 

തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സ്വദേശി എം.സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ബെഞ്ചിന്‍റെ ഉത്തരവ്.  

അദാനിയുടെ ഏജന്റായി മുഖ്യമന്ത്രി പ്രവർത്തിക്കുന്നു, ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല

സര്‍ക്കാർ-കൊളീജിയം തര്‍ക്കം; കെട്ടിക്കിടക്കുന്ന കേസുകൾ, കടുംപിടിത്തത്തിൽ ആശങ്കയിലാവുന്ന ജനങ്ങള്‍

Follow Us:
Download App:
  • android
  • ios