1 മുതൽ 10 വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കും. കോളേജുകൾ രണ്ടാം ഘട്ടമായി തുറക്കും.

ബം​ഗളൂരു: ഹിജാബ് നിരോധനം (Hijab Ban) തുടരാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ കർണാടകയിൽ (Karnataka) വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കും. 1 മുതൽ 10 വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കും. കോളേജുകൾ രണ്ടാം ഘട്ടമായി തുറക്കും.

അന്തിമ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരണമെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും നൽകിയ ഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റുകയായിരുന്നു. 

ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ചും വരരുത് എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുത് സമാധാനം തകർക്കുന്ന തരത്തിലുള്ള ഒരുനീക്കവും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടൻ തുറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. 

ബംഗളുരു ന​ഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധപ്രകടനങ്ങളും സർക്കാർ വിലക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. 

ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ച തിരിഞ്ഞ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ രാവിലെ സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി ഉത്തരവ് വരുന്നത് വരെ അന്തിമതീരുമാനം എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാനമന്ത്രിസഭയുടെയും തീരുമാനം. 

ഹിജാബ് എന്നത് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.