Asianet News MalayalamAsianet News Malayalam

യൂണിഫോമും മതസ്വാതന്ത്ര്യവും, ഹിജാബിൽ വാദം തുടരുമ്പോൾ; സുപ്രിംകോടതിയുടെ അന്നത്തെ ചോദ്യം നി‍ർണായകമാകുമോ?

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികളല്ലേ തീരുമാനമെടുക്കേണ്ടതെന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്

hijab ban issue will consider supreme court today
Author
First Published Sep 7, 2022, 12:08 AM IST

ദില്ലി: കർണ്ണാടകയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയിലെ വാദം ഇന്നും തുടരും. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹർജി നല്കിയ മുസ്ലിം വിദ്യാർത്ഥിനികൾക്ക് വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ, രാജീവ് ധവാൻ എന്നിവർ വാദിച്ചിരുന്നു. വിഷയം ഭരണഘടന ബഞ്ചിന് വിടണമെന്നും രാജീവ് ധവാൻ നിർദ്ദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികളല്ലേ തീരുമാനമെടുക്കേണ്ടതെന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. യൂണിഫോം നിശ്ചയിച്ച സ്കൂളുകളിലും കോളേജുകളിലും മതസ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി എങ്ങനെ ഇത് നിരാകരിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മിഡിയും മിനിയുമൊക്കെ ധരിക്കാനുള്ള സ്വാതന്ത്ര്യം യൂണിഫോമുള്ള സ്ഥലങ്ങളിൽ ഇല്ലല്ലോ എന്നും കോടതി ആരാഞ്ഞിരുന്നു. ഇന്നും വാദം പുരോഗമിക്കുമ്പോൾ ഈ ചോദ്യങ്ങൾ നിർണായകമായേക്കും.

'യൂണിഫോം വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലേ തീരുമാനിക്കേണ്ടത്'; ഹിജാബ് കേസില്‍ സുപ്രീം കോടതി

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാണ് ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ കോടതി വിമർശിച്ചിരുന്നു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ ഹർജിക്കാർ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താൽപ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹർജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios