ശക്തമായ ഭരണ വിരുദ്ധ വികാരം നില നിൽക്കുന്ന സംസ്ഥാനം പിടിച്ചെടുക്കാൻ കോൺ​ഗ്രസും നിലനിർത്താൻ ബിജെപിയും കടുത്ത മത്സരമാണ് കാഴ്ച വെക്കുന്നത്. 

ഷിംല : ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വലിയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇനി രണ്ട് ദിവസം മാത്രമാണ് പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത്. കേന്ദ്ര നേതാക്കുളുടെ വലിയ നിര തന്നെ ക്യാംപ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്. കോൺ​ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വലിയ പ്രചാരണ പരിപാടികളാണ് ഇന്നും നാളെയുമായി നടക്കുക. ശക്തമായ ഭരണ വിരുദ്ധ വികാരം നില നിൽക്കുന്ന സംസ്ഥാനം പിടിച്ചെടുക്കാൻ കോൺ​ഗ്രസും നിലനിർത്താൻ ബിജെപിയും കടുത്ത മത്സരമാണ് കാഴ്ച വെക്കുന്നത്. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ഹിമാചലിൽ പ്രചരണത്തിന് എത്തും. ഖാർ​ഗെ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ നിയമസഭാതെരഞ്ഞെടുപ്പ് കൂടിയാണ് ​ഗുജറാത്തിലും ഹിമാചലിലും നടക്കാൻ പോകുന്നത്. സംസ്ഥാനത്ത് എത്തുന്ന ഖാർ​ഗെ ആദ്യം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. ഇതുവരെയുള്ള പചാരണപ്രവർത്തനങ്ങൾ വിലയിരുത്തും. ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവച്ച് രാഹുൽ ​ഗാന്ധി ചിലപ്പോൾ ഹിമാചലിൽ എത്തിയേക്കും. മാത്രമല്ല, പ്രിയങ്ക ​ഗാന്ധിയുടെ ഒരു റാലി കൂടി സംസ്ഥാനത്ത് നടന്നേക്കും.

അതേസമയം ബിജെപി ദേശീയ നേതാക്കളെല്ലാം ഹിമാചലിൽ ക്യാംപ് ചെയ്തിരിക്കുകയാണ്. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, സ്മൃതി ഇറാനി എന്നിവർ ഹിമാചലിൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി കുളുവിൽ ഒരിക്കൽ കൂടി നടന്നേക്കുമെന്ന സൂചനകളുമുണ്ട്. അങ്ങനെയെങ്കിൽ ഹിമാചൽ പോലൊരു ചെറിയ സംസ്ഥാനത്ത് മോദി ആകെ അഞ്ച് റാലികളിലാകും മോദി പങ്കെടുത്തിട്ടുണ്ടാവുക. 10 ന് പരസ്യപരചാരണം അവസാനിക്കും. 12 ന് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കും. 

വിമത ഭീഷണിയിൽ നട്ടം തിരിയുകയാണ് ബിജെപി. നിർണായക ജില്ലകളിൽ വിമതർ പ്രചരണം കൊഴുപ്പിക്കുകയാണ്. നേതൃത്വത്തെ വെല്ലുവിളിച്ച് കുളുവിൽ മുൻ ഉപാധ്യക്ഷൻ രാം സിംഗിൻ്റെ റാലി നടക്കുന്നുണ്ട്. ഇവിടെയാകും മോദി റാലി നടത്തുക എന്നാണ് സൂചന. 21 വിമതർ രംഗത്തുണ്ട് എന്ന് മുൻ എംപിയും സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവുമായ മഹേശ്വർ സിംഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യം പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് ഗുണമാകില്ലെന്നും സ്ക്രീനിംഗ് ശക്തമാക്കണം എന്നും മഹേശ്വർ സിംഗ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.