ഹിമാചൽ പ്രദേശിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാംഗ്ര-ചമ്പ അതിർത്തിയിൽ പ്രഭവകേന്ദ്രമായ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. പ്രകമ്പനം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.
ദില്ലി: ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10:04 ഓടെയായിരുന്നു സംഭവം. ധർമ്മശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ വെറും 5 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂചലനം രൂപപ്പെട്ടത്. ആഴം കുറവായതിനാൽ തന്നെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു.
ചമ്പ, കാംഗ്ര, ധർമ്മശാല, സംസ്ഥാന തലസ്ഥാനമായ ഷിംല എന്നിവിടങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. കൂടാതെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായി. ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും കൂട്ടത്തോടെ തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിയിറങ്ങി. ഉയർന്ന ഭൂചലന സാധ്യതയുള്ള 'സീസ്മിക് സോൺ 5' മേഖലയിലാണ് ഹിമാചലിലെ ചമ്പ, കാംഗ്ര അടക്കമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്നത്. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.


