ഉത്തരാഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ പരമാര്‍ശങ്ങളാണ് വലിയ വിവാദമായിരിക്കുന്നത്. രാഹുല്‍ ആധുനിക ജിന്നയാണെന്നും, രാജീവ് ഗാന്ധിയുടെ മകനാണോയെന്നതില്‍ ആരെങ്കിലും തെളിവ് ചോദിക്കുന്നുണ്ടോയെന്നായിരുന്നു ഹിമാന്തയുടെ പ്രസ്താവന. 

ദില്ലി: കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ഗാന്ധിക്കെതിരായ (Rahul Gandhi) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ (Himanta Biswa Sarma ) പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. ഹിമന്ത ബിശ്വ ശര്‍മ്മ പിതൃശൂന്യ പരമാര്‍ശമാണ് നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അപലപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസമില്‍ കോലം കത്തിച്ചു. 

ഉത്തരാഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഹിമാന്ത ബിശ്വ ശര്‍മ്മ നടത്തിയ പരമാര്‍ശങ്ങളാണ് വലിയ വിവാദമായിരിക്കുന്നത്. രാഹുല്‍ ആധുനിക ജിന്നയാണെന്നും, രാജീവ് ഗാന്ധിയുടെ മകനാണോയെന്നതില്‍ ആരെങ്കിലും തെളിവ് ചോദിക്കുന്നുണ്ടോയെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന. 

ബാലാകോട്ടിലടക്കം സൈന്യം നടത്തിയ തിരിച്ചടിക്ക് എന്ത് തെളിവാണുള്ളതെന്ന രാഹുലിന്‍റെ ചോദ്യമാണ് ഹിമാന്തയെ ചൊടിപ്പിച്ചത്. ''നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണോയെന്ന് എപ്പോഴെങ്കിലും ഞങ്ങള്‍ ചോദിച്ചിട്ടുണ്ടോ ? ഒരു ആക്രമണം നടത്തിയെന്ന് സൈന്യം പറഞ്ഞാല്‍ അതില്‍ സംശയിക്കേണ്ട ആവശ്യമില്ല. മുഹമ്മദാലി ജിന്നയുടെ ഭാഷയാണ് രാഹുല്‍ ഉപോയഗിക്കുന്നതെന്നും'' ഹിമാന്ത ആഞ്ഞടിച്ചു. പ്രസ്താവനയെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ് ഹിമാന്തക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതികരിച്ചു.

ഹിമാന്ത ശര്‍മ്മയെ ചുമക്കുന്ന പ്രധാനമന്ത്രി മറുപടി പറയണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു. നാറുന്ന വാക്കുകള്‍ നിരന്തരം ഉപയോഗിക്കുന്ന ബിജെപി നേതാക്കളെ ജനം തള്ളുമെന്ന് ആര്‍എല്‍ഡി അധ്യക്ഷൻ ജയന്ത് ചൗധരിയും പ്രതികരിച്ചു. അസമിലെ തെരുവുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. 

രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ഹിമാന്ത ബിശ്വ ശര്‍മ്മ തരുണ്‍ ഗോഗോയിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. നായ്ക്കളെ പരിപാലിക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന രാഹുലിന് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരമില്ലെന്ന ഹിമാന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു