അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്.
ദില്ലി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടനെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്‍റെ റിപ്പോര്‍ട്ട് വരുന്നതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തി എന്നാണ് റിപ്പോർട്ടിലെ ആരോപണം. ഒരു ദശാബ്ദക്കാലമായി ഓഹരി വിപണിയിൽ കൃത്രിമത്വം കാട്ടിയെന്നും മാത്രമല്ല, അക്കൗണ്ടിംഗ് തട്ടിപ്പുകളിലും ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.
അതേസമയം, ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രതികരിച്ചത്. അദാനി ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ, പൊതു ബോണ്ടുകളുടെ വിൽപ്പന നടത്തുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ റിപ്പോർട്ട് “നിക്ഷിപ്ത താൽപ്പര്യങ്ങൾ” നിറഞ്ഞതായിരുന്നെന്നും തെറ്റായ വിവരങ്ങളുടെയും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോർട്ടെന്നും ഗൗതം അദാനി ആരോപിച്ചിരുന്നു.
