ത്രീ ലാഗ്വേജ് പോളിസി നടപ്പിലാക്കാന്‍ കഴിയില്ലെന്നും തമിഴും ഇംഗ്ലീഷും ഉള്‍പ്പെടെ രണ്ട് ഭാഷകള്‍ മാത്രമെ തമിഴ്നാട്ടില്‍ പഠിപ്പിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്‍ അറിയിച്ചിരുന്നു.

ദില്ലി: രാജ്യത്ത് ഹിന്ദി പഠനം നിര്‍ബന്ധിച്ച് നടപ്പിലാക്കില്ലെന്നും ഇത് നിര്‍ദേശം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍. ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്‍റെ കരടിനെ എതിര്‍ത്ത് തമിഴ്നാട് രംഗത്തുവന്നതോടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

മൂന്നുഭാഷ നയം നടപ്പിലാക്കാന്‍ കഴിയില്ലെന്നും തമിഴും ഇംഗ്ലീഷും ഉള്‍പ്പെടെ രണ്ട് ഭാഷകള്‍ മാത്രമെ തമിഴ്നാട്ടില്‍ പഠിപ്പിക്കുയുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്‍ അറിയിച്ചിരുന്നു. 

എന്നാല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഹിന്ദി പഠിക്കണമെന്ന നിര്‍ദ്ദേശം മുമ്പോട്ട് വയ്ക്കുകയാണ് ചെയ്തതെന്നും എല്ലാ ഭാഷകളും പ്രോത്സാഹിപ്പിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ നയത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. 

കഴിഞ്ഞ തവണ പ്രകാശ് ജാവദേക്കര്‍ മാനവവിഭവ ശേഷി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരടിന് രൂപം നല്‍കിയത്. 500 പേജുകളുള്ള കരടില്‍ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും പഠിപ്പിക്കണമെന്നും ഹിന്ദി പ്രദേശിക ഭാഷയായുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദിയുടെ കൂടെ ഇംഗ്ലീഷും മറ്റേതെങ്കിലും മോഡേണ്‍ ഇന്ത്യന്‍ ഭാഷയും പഠിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. 

എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഹിന്ദി ഭാഷ പഠിക്കണമെന്ന തീരുമാനം ട്വിറ്ററില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. #StopHindiImposition and #TNAgainstHindiImposition എന്നീ ഹാഷ് ടാഗുകളിലാണ് ക്യാമ്പയിന്‍. ഒരു ലക്ഷത്തില്‍പ്പരം ട്വീറ്റുകളാണ് ചുരുങ്ങിയ സമയത്തിനകം ഹാഷ്ടാഗുകളില്‍ പ്രചരിച്ചത്.