ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്കായി നൽകിയെന്ന് പരാതി

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്കായി നൽകിയെന്ന് പരാതി. ഹിന്ദുമതവിശ്വാസിയായ കുട്ടിക്കാണ് ഇത്തരത്തില്‍ ഹോം വർക്ക് എഴുതി നല്‍കിയതെന്നാണ് ആരോപണം. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ അന്വേഷണ പരിധിയിലാണ്. ആറ് വയസുകാരനായ കുട്ടി സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഹോംവർക്ക് ഡയറിയിൽ 'ഒന്നാമത്തെയും രണ്ടാമത്തെയും കലിമയും' 'ഫാത്തിഹയും' വായിക്കാൻ നിർദ്ദേശിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.കുട്ടിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു മതപരമായ കാര്യങ്ങളും ചെയ്യാൻ നിർബന്ധിക്കരുതെന്ന് കാണിച്ച് മാതാപിതാക്കൾ സ്കൂൾ മാനേജ്‌മെന്റിനെ സമീപിച്ചു.

മുൻപും ഇത്തരത്തിൽ ഡയറിയിൽ എഴുതിയിരുന്നതായും പിന്നീട് അത് വെട്ടിമാറ്റിയതായും കുട്ടിയുടെ ബന്ധു ഒരു വീഡിയോയിലൂടെ ആരോപിച്ചു. ആദ്യം ഇത് എല്ലാവർക്കും നിർബന്ധമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും, തെറ്റായി എഴുതിപ്പോയതാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുകയായിരുന്നു. കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കുടുംബം വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

സംഭവം രാഷ്ട്രീയ ശ്രദ്ധ നേടുകയും, ബിജെപി നേതാക്കൾ കുട്ടിയുടെ കുടുംബം സന്ദർശിച്ച് സ്കൂളിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആകെ 25 കുട്ടികളുള്ള ക്ലാസിൽ ഈ ഒരു ഹിന്ദു വിദ്യാർത്ഥി മാത്രമാണുള്ളതെന്ന് പോലീസ് അറിയിച്ചു. അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ ഒരു അബദ്ധം മാത്രമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും, മാതാപിതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം തുടനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

YouTube video player