Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിൽ ഹിന്ദു യുവതി ക്രൂരമായി കൊല്ലപ്പെട്ടു; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ നടപടി വേണമെന്ന് ഇന്ത്യ

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ എംപി കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും തൊലിയുരിച്ചെന്നും എംപി ട്വീറ്റിൽ വ്യക്തമാക്കി.

Hindu woman killed in Pakistan, India Responds
Author
First Published Dec 30, 2022, 10:15 AM IST

ദില്ലി: പാകിസ്ഥാനിയിൽ വിധവയായ ഹിന്ദു യുവതിയെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് 40കാരിയായ ദയാ ഭീലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊലപാതക വാർത്ത ശ്രദ്ധയിൽപ്പെട്ടു. എന്നാൽ കേസിനെക്കുറിച്ച് വിശദാംശങ്ങൾ ഇല്ല. പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാ​ഗത്തിന്റെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഹിന്ദു യുവതിയുടെ കൊലപാതകത്തിൽ പാകിസ്ഥാനിലെ സിന്ധിൽ രോഷം ആളിക്കത്തുകയാണ്.

 

 

തർപാർക്കർ സിന്ധിൽ നിന്നുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ എംപി കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും തൊലിയുരിച്ചെന്നും എംപി ട്വീറ്റിൽ വ്യക്തമാക്കി. എംപി യുവതിയുടെ വീട് സന്ദർശിച്ചു. സിൻജാരോ, ഷാപൂർചാകർ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. കൃഷിയിടത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് നാല് കുട്ടികളുണ്ട്.

അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും നിർബന്ധിത മതപരിവർത്തനവും നിർബന്ധിത വിവാഹവും വർധിക്കുകയാണെന്ന് ടൊറന്റോ കേന്ദ്രമാക്കിയുള്ള സംഘടന ആരോപിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് നേതൃത്വം നൽകിയ മുസ്ലീം പുരോഹിതൻ മിയാൻ അബ്ദുൾ ഹഖിനെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios