ദില്ലി: വടക്കു കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഇന്ത്യയെ മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച ആശങ്കയുടെ ദിവസങ്ങളാണ് കടന്നു പോയത്. സ്ഥിതിഗതികള്‍ ശാന്തമായി വരുമ്പോഴും കലാപത്തിന്‍റെ മുറിപ്പാടുകള്‍ ദില്ലിയെ പൊള്ളിക്കുകയാണ്. അക്രമത്തില്‍ ഇതുവരെ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

ഇതിനിടയില്‍ ആശ്വാസം പകരുകയാണ് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ആര്‍ഡിഎ മുന്‍ പ്രസിഡന്‍റുമായ ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റ്. കലാപകാരികള്‍ മുസ്ലിംകളുടെ വീടുകള്‍ക്ക് തീ വെച്ച് നശിപ്പിച്ചപ്പോള്‍ 25 മുസ്ലിം കുടുംബങ്ങള്‍ക്ക് സുരക്ഷയൊരുക്കിയത് അയല്‍വാസികളായ ഹിന്ദുക്കളാണെന്ന് ട്വീറ്റില്‍ പറയുന്നു. 

'ശ്യാംവിഹാറില്‍ ഇന്നലെ മുതല്‍ ഹിന്ദു വീടുകളില്‍ അഭയം തേടിയ 25 മുസ്ലിം കുടുംബങ്ങളെ പൊലീസിന്‍റെ സഹായത്തോടെ പുറത്തെത്തിച്ച് ഇന്ന് വൈകിട്ട് മുസ്തഫാബാദ് ആശുപത്രിയില്‍ എത്തിച്ചു. ആര്‍എസ്എസ്, ബിജെപി ഗുണ്ടകളില്‍ നിന്ന് തങ്ങളെ സംരക്ഷിച്ചത് ഹിന്ദു അയല്‍ക്കാരാണെന്ന് ആ കുടുംബങ്ങള്‍ പറഞ്ഞു. ഇതാണ് എന്‍റെ ഇന്ത്യ'- ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ കുറിച്ചു. അതിക്രമം നടന്ന മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചതും ഹര്‍ജിത് സിങ് ഭട്ടിയായിരുന്നു.  

Read More: ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റം; അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമെന്ന് മനീഷ് തിവാരി