Asianet News MalayalamAsianet News Malayalam

'മൃദു ഹിന്ദുത്വത്തെ കൂട്ടുപിടിക്കുന്നത് കോണ്‍ഗ്രസിനെ ഇല്ലാതാക്കും': ശശി തരൂര്‍

ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബിജെപിയുടെ അതേ നിലപാട് അനുകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെങ്കിൽ അതൊരു വലിയ പിഴവായിരിക്കുമെന്ന് തരൂർ പറഞ്ഞു.

Hindutva Lite attitude will ruin congress said Shashi Tharoor
Author
New Delhi, First Published Sep 8, 2019, 11:06 PM IST

ദില്ലി: ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി മൃദു ഹിന്ദുത്വ നിലപാടിനെ കൂട്ടുപിടിക്കുന്നത് ആപത്താണെന്ന് ശശി തരൂര്‍ എംപി. മൃദു ഹിന്ദുത്വത്തെ കൂട്ടുപിടിച്ചാല്‍ പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പുതിയ പുസ്തകമായ 'ദി ഹിന്ദു വേ: ആന്‍ ഇന്‍ഡ്രൊടക്ഷന്‍ ടു ഹിന്ദുയിസം' എന്ന  പുസ്തകത്തിന്‍റെ പ്രകാശനത്തിന് മുന്നോടിയായി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

നിലവിലെ ആക്രമണോത്സുകമായ പ്രവണതകള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇങ്ങനെയുള്ള പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തി വിശ്വാസികളുടെ ഒപ്പമാണ് താനെന്നും തരൂര്‍ പറഞ്ഞു. നിലവില്‍ അധികാരത്തിലുള്ളവര്‍ ഹിന്ദുമതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാത്തവരാണെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ രാഷ്ട്രീയ ആയുമാക്കി മാറ്റിയിരിക്കുകയാണ് അവരെന്നും തെരഞ്ഞെടുപ്പ് മാത്രമാണ് അതിന് പിന്നിലെ ലക്ഷ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബിജെപിയുടെ അതേ നിലപാട് അനുകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെങ്കിൽ അതൊരു വലിയ പിഴവായിരിക്കുമെന്ന് തരൂർ പറഞ്ഞു. അതൊരുതരം അനുകരണം മാത്രമായി മാറുമെന്നും, യാഥാര്‍ത്ഥ്യം മുന്നിലുള്ളപ്പോൾ അനുകരിക്കുന്നതിനെ വോട്ടർമാര്‍ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios