ദില്ലി: ബിജെപിയുടെയും മതേതരഇന്ത്യയുടെയും രാഷ്ട്രീയദിശാഗതി മാറ്റിക്കുറിച്ച അയോധ്യാ പ്രക്ഷോഭത്തിന്‍റെ അമരക്കാരനായിരുന്ന എൽ കെ അദ്വാനി രാമക്ഷേത്രനിർമാണത്തിന്‍റെ ഭൂമിപൂജാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി ചടങ്ങുകൾ നിരീക്ഷിക്കുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചത്. ''ചരിത്രപരവും വികാരനിർഭരവുമായ ദിവസം'', എന്നാണ് അദ്വാനി ഭൂമിപൂജയെക്കുറിച്ച് പുറത്തിറക്കിയ പ്രത്യേക വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.

''1990-ൽ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്താനുള്ള നിർണായകദൗത്യം വിധി പോലെ എനിക്ക് ലഭിച്ചു. ഇത് ആയിരക്കണക്കിന് രാമഭക്തരുടെ സ്വപ്നങ്ങൾക്ക് ചിറകുകളേകി'', എന്ന് അദ്വാനി വ്യക്തമാക്കി. ''എന്‍റെ ഹൃദയത്തോട് ചേർത്തുവച്ച സ്വപ്നമാണിത്'', എന്നും 92-കാരനായ അദ്വാനി പറയുന്നു. രഥയാത്രയുടെ അമരക്കാരിൽ ഒരാളായിരുന്ന മുരളീമനോഹർ ജോഷിയും ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. 

അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം നൽകിയില്ല എന്നത് വലതുരാഷ്ട്രീയകേന്ദ്രങ്ങളിൽ വിവാദത്തിന് വഴി വച്ചിരുന്നു. പിന്നീട് രാമജന്മഭൂമി തീർത്ഥക്ഷേത്രട്രസ്റ്റ് അവസാനനിമിഷം ഇരുവരെയും വീഡിയോകോൺഫറൻസിംഗ് വഴി ചടങ്ങിൽ പങ്കെടുക്കാൻ ഫോണിലൂടെ ക്ഷണിക്കുകയായിരുന്നു. 

''രാമന്‍റെ തത്വങ്ങൾ ജീവിതത്തിൽ പകർത്താൻ ഈ ക്ഷേത്രം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകട്ടെ'', എന്നാണ് അദ്വാനി വീഡിയോ സന്ദേശത്തിൽ പറയുന്നത്. ''ശ്രീരാമക്ഷേത്രം, ഇന്ത്യയുടെ സമാധാനപൂർണവും, ഐക്യത്തിലൂന്നിയതുമായ പാരമ്പര്യത്തെ കാണിക്കുന്നതാകും. നല്ല ഭരണത്തിന്‍റെ മകുടോദാഹരണമായ രാമരാജ്യം അപ്പോഴാകും നിലവിൽ വരിക'', എന്ന് അദ്വാനി.

രാമന്‍റെ ജന്മഭൂമിയിലെ മന്ദിരം തകർത്താണ് ബാബ്‍റി മസ്ജിദുണ്ടാക്കിയതെന്ന് വിശ്വസിച്ച കർസേവകരുടെ സംഘം 1992, ഡിസംബർ 6-നാണ് 16-ാം നൂറ്റാണ്ട് മുതൽ നിലനിന്ന പള്ളി പൊളിച്ചത്. അതിന് ശേഷം അയോധ്യയിലുണ്ടായ കലാപത്തിൽ ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. അയോധ്യ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട നടപടികൾ ലഖ്‍നൗവിലെ സിബിഐ കോടതിയിൽ ഇപ്പോഴും നടന്നുവരികയാണ്. എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് എന്നിവർ ഇപ്പോഴും കേസിലെ പ്രതികളാണ്. 

അയോധ്യ ഭൂമിയെച്ചൊല്ലിയുള്ള തർക്കം കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിയോടെയാണ് തീർപ്പായത്. പ്രത്യേകമായി നിയമിക്കപ്പെട്ട ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. മുസ്ലിം സമുദായത്തിന് അയോധ്യയിൽത്തന്നെ പുതിയ പള്ളി പണിയുന്നതിന് ഭൂമി കണ്ടെത്തി നൽകണമെന്നും സുപ്രീംകോടതി വിധിച്ചു.