ദില്ലി: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയുമായുള്ള പോര് മുറുകുന്നതിനിടെ കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിക്കെതിരെ ആരോപണവുമായി നടി കങ്കണ റാണാവത്ത്. ചരിത്രം നിങ്ങളുടെ നിശ്ശബ്ദതയെയും നിസ്സം​ഗതയെയും വിലയിരുത്തുമെന്ന് കങ്കണ ട്വീറ്റിൽ കുറിച്ചു. തന്നെ ഉപദ്രവിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ഓഫീസ് കെട്ടിടം സംസ്ഥാന സർക്കാർ പൊളിച്ചതെന്നും കങ്കണ പറഞ്ഞു. 

ബഹുമാന്യയായ ഇന്ത്യൻ നാഷൺ കോൺ​ഗ്രസ് പ്രസിഡന്റ് സോണിയാജി. മഹാരാഷ്ട്രയിലെ നിങ്ങളുടെ സർക്കാർ എനിക്ക് നൽകിയ ഉപചാരങ്ങളിൽ ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങൾക്ക് വ്യാകുലത തോന്നുന്നില്ലേ? ഡോക്ടർ അംബേദ്കർ നൽകിയ ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ നിങ്ങളുടെ സർക്കാരിനോട് അഭ്യർത്ഥിക്കാത്തത് എന്തുകൊണ്ടാണ്? കങ്കണ ട്വീറ്റിൽ ചോദിച്ചു. 

പാശ്ചാത്യരാജ്യത്ത് വളരുകയും ഇന്ത്യയിൽ താമസിക്കുകയും  ചെയ്യുന്ന നിങ്ങൾക്ക് സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും ക്രമസമാധാനത്തെ പരിഹസിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ നിശ്ശബ്ദതയെയും നിസം​ഗതയെയും ചരിത്രം വിലയിരുത്തും. നിങ്ങൾ വിഷയത്തിൽ ഇടപെടുമെന്ന് ഞാൻ കരുതുന്നു. കങ്കണ പറഞ്ഞു. ശിവസേന ഇപ്പോൾ സോണിയസേന ആയി മാറിയെന്നും കങ്കണ റാണാവത്ത് പരിഹസിച്ചിരുന്നു. ബാൽതാക്കറെയുടെ ആശയങ്ങളാണ് ശിവസേനയെ സൃഷ്ടിച്ചതെന്നും ഇപ്പോൾ ആ പ്രത്യയ ശാസ്ത്രങ്ങളെ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.