ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊടുംഭീകരനായ ഹറൂണ്‍ വാനി വെടിയേറ്റ് കൊല്ലപ്പെട്ടത്. 2018ൽ മുതിർന്ന ബിജെപി-ആർഎസ്എസ് നേതാക്കളായ അനിൽ പരിഹാറിനെയും സഹോദരൻ അജീത് പരിഹാറിനെയും കൊലപ്പെടുത്തിയ കേസിൽ സുരക്ഷാസേന തെരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂണ്‍ വാനി.

2019ൽ‌ ആർഎസ്എസ് നേതാവ് ചന്ദർ കാന്ത് ശർമ്മയെയും അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരനെയും കൊലപ്പെടുത്തിയതിന് പിന്നിലും ഹറൂണ്‍ വാനിയാണെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാ​ഗ് സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. ഹറൂൺ വാനിയുടെ പക്കൽനിന്നും എകെ 47 തോക്ക്, വെടിമരുന്നുകൾ, 73 ബുള്ളറ്റുകൾ, ചൈനീസ് ​ഗ്രനേഡ്, റേഡിയോ സെറ്റ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്നും ദിൽബാ​ഗ് സിം​ഗ് വ്യക്തമാക്കി.

Read Moer: ജമ്മു കശ്മീർ: ബിജെപി-ആർഎസ്എസ് നേതാക്കളുടെ കൊലയ്ക്ക് പിന്നിൽ ഹിസ്‌ബുൾ ഭീകരരെന്ന് പൊലീസ്

അതേസമയം, ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യതയുള്ളയാളാണ് ഹറൂൺ വാനി. കത്ര സർവകലാശാലയിൽനിന്ന് എംബിഎ ബിദുരം പൂർത്തിയാക്കിയ വാനി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ ജോലി രാജിവച്ച് വാനി ഹിസ്ബുള്‍ മുജാഹിദീനിൽ ചേരുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ദോഡയിലെ എജിനീയറായ ​ഗുലാം അബ്ബാസ് വാനിയുടെ ഏട്ടുമക്കളിൽ ഒരാളാണ് വാനി. വാനിയുടെ നാല് സഹോദരൻമാരും മൂന്ന് സഹോദരിമാരും ഉയർന്ന വി​ദ്യാഭ്യാസ യോ​ഗ്യതയുള്ളവരാണ്. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നയാളായിരുന്നു വാനിയെന്ന് ബന്ധുക്കൾ പറഞ്ഞു. 2018ൽ എകെ47 പിടിച്ച് നിൽക്കുന്ന ചിത്രമുൾപ്പടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു വാനി ഹിസ്ബുളിൽ ചേർന്നെന്ന വാർത്ത പുറത്തുവരുന്നത്.