Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീർ: ബിജെപി-ആർഎസ്എസ് നേതാക്കളുടെ കൊലയ്ക്ക് പിന്നിൽ ഹിസ്‌ബുൾ ഭീകരരെന്ന് പൊലീസ്

  • ജമ്മു കശ്മീരിലെ ചേനാബ് താഴ്‌വരയിൽ ഹിസ്‌ബുൾ സ്വാധീനം തിരികെ കൊണ്ടുവരാൻ ശ്രമം
  • കൊല്ലപ്പെട്ടത് ബിജെപി നേതാക്കളായ അനിൽ പരിഹാറും സഹോദരൻ അജീത് പരിഹാറും ആർഎസ്എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയും
  • ആർഎസ്എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയുടെ ബോർഡി ഗാർഡ് രജീന്ദർ കുമാറും കൊല്ലപ്പെട്ടിരുന്നു
  • ഭീകരർക്ക് ഒളിക്കാൻ ഇടം ഒരുക്കിയത് ചേനാബ് താഴ്‌വരയുടെ ഭാഗമായ കിഷ്‌ത്‌വാർ ജില്ലക്കാരൻ
Jammu Kashmir BJP RSS leaders murder police accuses Hizbul terrorists
Author
Srinagar, First Published Sep 23, 2019, 6:41 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി ആർഎസ്എസ് നേതാക്കളെ കൊന്നത് ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരരെന്ന് പൊലീസ്. ജമ്മു കശ്മീരിലെ കിഷ്‌ത്‌വാർ ജില്ലയിൽ ഭീകരവാദം തിരിച്ചുകൊണ്ടുവരാനുള്ള ഹിസ്‌ബുൾ മുജാഹിദ്ദീന്റെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം സെപ്‌തംബർ വരെ മൂന്ന് ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരരെയാണ് ജമ്മു കശ്മീരിൽ നടന്ന നാല് തീവ്രവാദ ബന്ധമുള്ള സംഭവങ്ങളിൽ പിടികൂടിയതെന്ന് ജമ്മു കശ്മീർ പൊലീസ് ഐജി (ജമ്മു) മുകേഷ് സിംഗ് പറഞ്ഞു. ഇതിൽ ബിജെപി നേതാക്കളായ അനിൽ പരിഹാറിന്റെയും സഹോദരൻ അജീത് പരിഹാറിന്റെയും കൊലപാതകങ്ങളും ഉൾപ്പെടും. ആർഎസ്എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മ, ബോഡി ഗാർഡ് രജീന്ദർ കുമാർ എന്നിവരുടെ കൊലപാതകത്തിലും ഈ മൂന്ന് പേർക്കും പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ കിഷ്‌ത്‌വാർ, റംബാൻ, ദോഡ ജില്ലകൾ ഉൾപ്പെട്ട ചേനാബ് താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനാണ് ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർ ശ്രമിക്കുന്നതെന്ന് പൊലീസ് കുറ്റപ്പെടുത്തി. പഴയ ഹിസ്‌ബുൾ ഭീകരരിൽ പ്രധാനിയും ഇപ്പോഴും ഇത് തുടരുന്നയാളുമായ ജെഹാംഗീർ സരൂരിയാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസിന്റെ സംശയം.

സരൂരിയും ദോഡ സ്വദേശി ഹറൂൺ, ഒസാമ, സഹീദ് നിസാർ അഹമ്മദ് ഷെയ്‌ഖ്, നിഷാദ് അഹമ്മദ്, ആസാദ് ഹുസ്സൈൻ എന്നിവരും ചേനാബ് താഴ്‌വരയിൽ വന്ന ശേഷം ആദ്യം ബിജെപി നേതാവ് അനിൽ പരിഹാറിനെയാണ് കൊലപ്പെടുത്തിയതെന്ന് ഐജി പറഞ്ഞു. ഈ സംഘത്തിൽ  കിഷ്‌ത്‌വാർ സ്വദേശിയായ രുഷ്‌തം എന്നയാളും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന അക്രമങ്ങൾക്ക് മുൻപും ശേഷവും ഭീകരർക്ക് താമസിക്കാനുള്ള ഇടം സജ്ജീകരിച്ചത് ഇയാളാണ്.

നിസാർ അഹമ്മദ് ഷെയ്ഖ്, നിഷാദ് അഹമ്മദ്, ആസാദ് ഹുസ്സൈൻ എന്നിവരാണ് പിടിയിലായത്. ശേഷിച്ചവരെയും ഉടൻ പിടികൂടുമെന്നാണ് ഐജി വ്യക്തമാക്കിയത്. ഭീകരർക്ക് ഒളിക്കാൻ ഇടം നൽകുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് ഐജി മുന്നറിയിപ്പ് നൽകി.

Follow Us:
Download App:
  • android
  • ios