ദില്ലി: ജമ്മു കശ്മീരിലെ അവന്തിപുരയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൽ ഭീകരനെ വധിച്ചതായും മൂന്ന് പേരെ പിടികൂടിയതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ കശ്മീർ താഴ്വരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. 

അതേസമയം പിടിയിലായ മൂന്ന് തീവ്രവാദികളിലൊരാൾ ഹിസ്ബുൾ മുജാഹിദ് തലവനാണ് എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുൾ മുജാഹിദീൻ ചീഫ് കമാൻഡർ റിയാസ് നൈകൂവാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുൽവാമ സെക്ടറിലെ ഒരു ഗ്രാമത്തിൽ തീവ്രവാളികൾ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനകളും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ചൊവ്വാഴ്ച രാത്രി ആരംഭിച്ചത്. 

ഞായറാഴ്ച്ച ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ തുടങ്ങിയ ഏറ്റുമുട്ടലൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി അവന്തിപുരയിലെ ബെയ്പുരയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായ  ഇന്റലിജൻസ് റിപ്പോ‍ർട്ടുണ്ടായിരുന്നു. തുടർന്ന് കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. 

ഒരു ഹിസ്ബുൽ തീവ്രവാദിയെ വധിച്ച സേന മൂന്ന് തീവ്രവാദികളെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ രാത്രി മുതൽ അവന്തിപുരയിലെ വിവിധ മേഖലകളിലായി മൂന്ന് ഏറ്റുമുട്ടലുകളാണ് സൈന്യം നടത്തിയത്. നാല് ദിവസത്തിനിടെ സൈന്യം വധിച്ച തീവ്രവാദികളുടെ എണ്ണം നാലായി. ഇരുപത്തിയൊന്ന് രാഷ്ട്രീയ റൈഫിൾസിലെ കമാന്റിങ്ങ് ഓഫീസർ ഉൾപ്പടെ ഇരുപത്തിയൊന്ന് സുരക്ഷ  ഉദ്യോഗസ്ഥർക്ക് ഒരു മാസത്തിനിടെ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് കശ്മീർ താഴ്വരയിലെ പത്ത് ജില്ലകളിൽ മൊബൈൽ
ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. കശ്മീരിൽ തുടരുന്ന പ്രകോപനത്തിൽ പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡിനോട് രാജ്യം പോരാടുന്പോൾ തീവ്രവാദത്തിന്റെ വൈറസുകളെ പാക്കിസ്ഥാൻ പടർത്തുകയാണെന്നാണ്  പ്രധാനമന്ത്രി അപലപിച്ചത്.