ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി-ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹിസ്‌ബുൾ മുജാഹിദ്ദീന്റെ മുതിർന്ന കമ്മാന്റർ കൂടിയായ ഒസാമയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ റംമ്പാൻ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. രാജസ്ഥാനിലെ ജയ്‌സാൽമീർ സ്വദേശിയായ നായിക് രജീന്ദർ സിംഗാണ് കൊല്ലപ്പെട്ട സൈനികൻ. ഒസാമയ്ക്ക് പുറമെ ഹാറൂൺ, സഹീദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇവരുടെ പക്കൽ എകെ അസോൾട്ട് റൈഫിൾ ആണ് ഉണ്ടായിരുന്നത്.

ജമ്മു കശ്മീരിലെ മുതിർന്ന ബിജെപി നേതാവ് അനിൽ പരിഹാർ, സഹോദരനും ബിജെപി നേതാവുമായ അജിത് പരിഹാർ എന്നിവരെ 2018 നവംബർ ഒന്നിന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഒസാമ. ആർഎസ്എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും സ്വകാര്യ സുരക്ഷാ ഗാർഡിനെയും ഏപ്രിൽ ഒൻപതിന് വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയാണ് ഇയാൾ. ജമ്മു കിഷ്‌താർ ദേശീയ പാതയിൽ ശനിയാഴ്ച രാവിലെ  ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിരുന്നു. സൈന്യത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ ഒരു വീട്ടിൽ ഇവർ ഒളിച്ചു. പിന്തുടർന്നെത്തിയ സൈന്യം അധികം താമസിയാതെ തന്നെ മൂവരെയും വെടിവച്ച് കൊലപ്പെടുത്തി.

സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകന്റെ വീട്ടിലാണ് ഭീകരർ ഒളിച്ചത്. വീട്ടിലുണ്ടായിരുന്നവരെ ഭീകരർ ബന്ദികളാക്കി. ഇവരെ രക്ഷിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പൊലീസുകാർക്ക് വെടിയേറ്റു. ഒസാമയെ കശ്മീരിലെ കിഷ്‍ത്വാറിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ കേസിൽ പൊലീസ് തിരയുന്നുണ്ടായിരുന്നു. ഇയാളെ കണ്ടെത്തുന്നവർക്ക് ലക്ഷക്കണക്കിന് രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.