Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ; അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കുമെന്ന് യോ​ഗി ആദിത്യനാഥ്

പച്ചക്കറികള്‍, പഴങ്ങള്‍, മരുന്നുകള്‍, പാല്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് നാളെ മുതല്‍ ഒരോരുത്തരുടെയും വീടുകളില്‍ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. 

home delivery for essential during lock down says adityanath
Author
Lucknow, First Published Mar 25, 2020, 9:37 AM IST


ലക്‌നൗ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജനങ്ങൾക്ക് സഹായമെത്തിച്ച് ഉത്തർപ്രദേശ് സർക്കാർ. എല്ലാ വീടുകളിലും അവശ്യവസ്തുക്കൾ എത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. രാജ്യത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ സാധാരണക്കാർക്ക് സഹായമെത്തിക്കുമെന്ന് യോ​ഗി സർക്കാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ ജനങ്ങൾ ​ഗൗരവമായി എടുക്കണമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പച്ചക്കറികള്‍, പഴങ്ങള്‍, മരുന്നുകള്‍, പാല്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് നാളെ മുതല്‍ ഒരോരുത്തരുടെയും വീടുകളില്‍ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 10,000 വാഹനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടില്ല. അവശ്യ വസ്തുക്കളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കും. ദയവായി ആളുകള്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ മാര്‍ക്കറ്റുകളിലേക്ക് പോകരുതെന്നും യോഗി പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ 23 കോടി ജനങ്ങള്‍ക്കാണ് ഗുണം ചെയ്യുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ തന്നെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഉത്തർപ്രദേശിൽ ഇതുവരെ 31 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ പരിശോധിക്കുന്നതിന് ആവശ്യമായ ലാബുകളും ഐസൊലേഷൻ വാർഡുകളും സംസ്ഥാനത്ത് സജ്ജീകരിച്ചതായി ​യോ​ഗി ആദിത്യനാഥ് അറിയിച്ചു. കൊറോണയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്ന് ആദിത്യനാഥ് അഭ്യർത്ഥിച്ചു. 
 

Follow Us:
Download App:
  • android
  • ios