ദില്ലി: വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ എന്‍ജിഒകള്‍ക്കുള്ള നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന എന്‍ജിഒകളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ ഒരു തരത്തിലും മത പരിവര്‍ത്തനം പോലുള്ള നടപടികളില്‍ ഏര്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

വിദേശനിക്ഷേപം സ്വീകരിക്കുന്നതിനായുള്ള 2011ലെ നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മതപരിവര്‍ത്തനം സംബന്ധിയായ കേസില്‍ വിചാരണ നേരിട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആകാന്‍ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. മതം മാറ്റുന്നതിന്‍റെ പേരില്‍ രാജ്യത്ത് അക്രമം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റങ്ങളെന്നാണ് സൂചന. 

നേരത്തെ വിദേശഫണ്ട് സ്വീകരിക്കുന്നതിന് ഒരു തരത്തിലുമുള്ള സത്യവാങ്മൂലം ആവശ്യമില്ലായിരുന്നു. ഈ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ലക്ഷം വരെയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഇനിമുതല്‍ സര്‍ക്കാരിനെ അറിയേക്കണ്ടെന്നും ഭേദഗതി വ്യക്തമാക്കുന്നു. നേരത്തെ ഇത്തരത്തില്‍ സ്വീകരിക്കാവുന്ന സമ്മാനത്തിന്‍റെ മൂല്യം 25000 രൂപയായിരുന്നു.

വിദേശ സഞ്ചാരത്തിനിടയില്‍ സ്വീകരിക്കുന്ന അത്യാവശ്യ ആശുപത്രി സേവനങ്ങളെക്കുറിച്ചും ഒരുമാസത്തിനുള്ളില്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഭേദഗതി വ്യക്തമാക്കുന്നു.