രാഹുൽ ഗാന്ധി വിളിച്ചുചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് ശശി തരൂർ തുടർച്ചയായ മൂന്നാം തവണയും വിട്ടുനിന്നു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോയതെന്നാണ് തരൂരിന്റെ വിശദീകരണം.
ദില്ലി: കോൺഗ്രസ് പാർട്ടിയിലെ ലോക്സഭാ അംഗങ്ങളുടെ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ. തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിയ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ. ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ കോൺഗ്രസിന്റെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചത്.
എന്നാൽ, തരൂർ എത്തിയില്ല. കൊൽക്കത്തയിൽ അദ്ദേഹത്തിന്റെ ദീർഘകാല സഹായി ജോൺ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്റെ ജന്മദിനവുമണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോഗത്തിലും തരൂർ പങ്കെടുത്തില്ല. സോണിയാ ഗാന്ധി, മല്ലികാർജുർ ഖാർഗെ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു വിട്ടുനിൽക്കൽ. അതിനു ഒരു ദിവസം മുമ്പ് കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി സംസാരിച്ച ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുകയും പ്രസംഗത്തെ പ്രശംസിച്ചുകൊണ്ട് എഴുതുകയും ചെയ്തു. പിന്നാലെ രാഷ്ട്രീയ വിവാദമുടലെടുത്തു.
ഇന്ന് രാവിലെ നടന്ന യോഗത്തിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നേതൃത്വം നൽകി. രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ ആക്രമണങ്ങൾ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയെന്ന് പാർട്ടി വിലയിരുത്തി.