ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്ന അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്.

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

അധമ ജാതിബോധത്തിന് ഇരയായി ഒരു പെൺകുട്ടി കൂടി. പുതുവര്‍ഷത്തലേന്ന് സഹപാഠികളായിരുന്ന ഐശ്വര്യയും ബി നവീനും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായ നവീൻ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഐശ്വര്യയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി. മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി. ഇതേ തുടര്‍ന്ന് ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്തെന്നാണ് ആക്ഷേപം. 

Also Read: അതിസമര്‍ത്ഥമായി പൊലീസിനെ പറ്റിച്ചു! സുരക്ഷ ഒരുക്കിയത് ആര്‍ക്കെന്നറിഞ്ഞ് ഞെട്ടി; ഒടുവിൽ സംഭവിച്ചത്...

അഞ്ച് ദിവസത്തിനുശേഷം ഐശ്വര്യക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്. അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.