Asianet News MalayalamAsianet News Malayalam

'കൂടുതൽ സ്ത്രീകളെ തുറന്ന് പറയാൻ പ്രേരിപ്പിക്കും', മീ ടു ആരോപണം മുതൽ കോടതി വിധി വരെ, പ്രിയ രമാനിയുടെ പ്രതികരണം

ജോലി സ്ഥലത്തെ ശാരീരിക പീഡനത്തെ കുറിച്ച് തുറന്ന് പറയാൻ സ്ത്രീകൾക്ക് കോടതി വിധി പ്രയോചനമാകുമെന്ന് മാധ്യമപ്രവർത്തക പ്രിയാ രമാനി...

Hope It Will Make More Women Speak Up says Priya Ramani
Author
Delhi, First Published Feb 17, 2021, 5:30 PM IST

ദില്ലി: മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമാനിക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടകേസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രിയ. ജോലി സ്ഥലത്തെ ശാരീരിക പീഡനത്തെ കുറിച്ച് തുറന്ന് പറയാൻ സ്ത്രീകൾക്ക് കോടതി വിധി പ്രയോചനമാകുമെന്ന് പ്രിയാ രമാനി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രിയക്കെതിരായ കേസ് കോടതി തള്ളിയത്. വിചാരണ നേരിടാൻ താൻ തയ്യാറാണെന്ന് പ്രിയ നേരത്തേ തന്നെ കോടതിയെ അറിയിക്കുകയും താൻ നേരിട്ട ശാരീരിക പീഡനം കോടതിയിൽ തുറന്ന് പറയുകയും ചെയ്തിരുന്നു. 

പരാതി ഉന്നയിക്കാൻ വർഷങ്ങൾക്കു ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. രാമായണത്തിൽ സീതയെ രക്ഷിക്കാൻ ജഡായു എത്തിയത് ഓർക്കണം എന്നും സമൂഹത്തിൽ അതികീർത്തിയുള്ള വ്യക്തിയായിരുന്നു അക്ബർ എന്ന് കരുതുന്നില്ലെന്നുമാണ് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞത്.  

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. 1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമാനി 1994 ല്‍ ജോലിക്കായുള്ള ഒരു ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയ തനിക്ക് അക്ബറില്‍ നിന്ന്  മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എംജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു. 

1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമാനി 1993ല്‍ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018 ൽ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലുകൾ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമാനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്ബർ കോടതിയെ സമീപിച്ചത്. 

പ്രിയാ രമാനി എംജെ അക്ബറിനെതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍

ഏഷ്യന്‍ ഏജില്‍ ജോലി തേടിയാണ് ആദ്യം അക്ബറിനെ കണ്ടുമുട്ടുന്നത്. അന്ന് അക്ബര്‍ ഏഷ്യന്‍ ഏജില്‍ എഡിറ്റര്‍ ആയിരുന്നു. 23 വയസായിരുന്നു അന്ന് പ്രിയാ രമാനിയുടെ പ്രായം. ഇന്‍റര്‍വ്യൂവിനായി ഒബറോയ് ഹോട്ടലില്‍ എത്താനാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഓഫീസ് മുറിയിലോ കോഫീ ഷോപ്പിലോ വച്ചായിരിക്കും ഇന്‍റര്‍വ്യൂ എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ അക്ബറിന്‍റെ ആവശ്യം നിഷേധിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. 

ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ കിടക്ക ഉറങ്ങാനായി തയ്യാറാക്കി വച്ചിരുന്നു. ഇന്‍റര്‍വ്യൂവില്‍ തന്‍റെ വിദ്യാഭ്യാസത്തെ കുറിച്ചോ ബിരുദത്തെ കുറിച്ചോ മുന്‍പരിചയത്തെ കുറിച്ചോ ഒന്നും ചോദിച്ചില്ല. എന്നാല്‍ ചോദിച്ചതാകട്ടേ, കുടുംബം, വിവാഹിതയാണോ, കാമുകനുണ്ടോ തുടങ്ങിയ കാര്യങ്ങളായിരുന്നു. 

പെട്ടന്ന് അക്ബര്‍ ഹിന്ദി പാട്ടുകള്‍ പാടാന്‍ തുടങ്ങി. തന്‍റെ മുന്നില്‍ വച്ച് അയാള്‍ മദ്യപിച്ചു. തനിക്ക് മദ്യം വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ ആ വാഗ്ദാനം നിരസ്സിച്ചു. കിടക്കയ്ക്ക് തൊട്ടടുത്തുള്ള ചെറിയ സോഫയില്‍ തന്‍റെ തൊട്ടടുത്തായി വന്നിരിക്കാന്‍ അക്ബര്‍ നിര്‍ബന്ധിച്ചുവെന്നും പ്രിയാ രമാനി പറഞ്ഞു. തന്‍റെ ശാരീരിക സുരക്ഷ മുന്‍നിര്‍ത്തി എഴുന്നേറ്റ് തനിക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ താന്‍ വളരെ അടുത്ത സുഹൃത്തായ നിലോഫര്‍ വെങ്കട്ടരാമനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. 

2017 ല്‍ വോഗിന് വേണ്ടിയെഴുതിയ ലേഖനത്തില്‍ അക്ബറിന്‍റെ പേര് പരാമര്‍ശിക്കാതെ പ്രിയാ രമാനി താന്‍ നേരിട്ട ലൈംഗികാതിക്രമം പറഞ്ഞിരുന്നു. എന്നാല്‍ 2018 ല്‍ ഉയര്‍ന്ന മീ റ്റൂ ക്യാമ്പയില്‍ ആണ് അവര്‍ അക്ബറിന്‍റെ പേര് പരാമര്‍ശിച്ചത്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകന്‍കൂടിയായിരുന്നു. എന്നാല്‍ പിന്നീട് അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിസിനസ് ന്യൂസ് പേപ്പര്‍ മിന്‍റിന്‍റെ സ്ഥാപകയാണ് പ്രിയാ രമാനി. 

എം ജെ അക്ബറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് പ്രിയ രമാണിയും മറ്റ് ചില സ്ത്രീകളും രംഗത്ത് വന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് എം ജെ അക്ബ‍ർ മന്ത്രിസ്ഥാനം രാജി വച്ചത്. ഇതോടെ അക്ബര്‍ പ്രിയാ രമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. പ്രിയാ രമാനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എം ജെ അക്ബർ കോടതിയിലെത്തിയത്. 

Follow Us:
Download App:
  • android
  • ios