അഹമ്മദാബാദ്: കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അഹമ്മദാബാദിലെ ആശുപത്രി. ഹിന്ദു, മുസ്ലിം വാര്‍ഡുകളായാണ് ഹോസ്പിറ്റലിലെ 1200 ബെഡുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വേര്‍തിരിവ് നടത്തിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ചാണെന്നാണ് ആശുപത്രി അധികൃതരുടെ അവകാശവാദം. സാധാരണ നിലയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന രീതിയിലാണ് വാര്‍ഡുകള്‍ തിരിക്കാറെന്ന് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ ഗുണവന്ത് എച്ച് റാത്തോഡ് പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഹിന്ദു, മുസ്ലിം വാര്‍ഡാക്കി തിരിച്ചതെന്നാണ് റാത്തോഡ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നതിന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ വിസമ്മതിച്ചുവെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോസ്പിറ്റലുകള്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് രോഗം സ്ഥിരീകരിച്ചവരും ടെസ്റ്റ് റിസല്‍ട്ട് വരാനുള്ളവര്‍ എന്നിങ്ങനെയാണ് വ്യത്യസ്ത വാര്‍ഡുകളിലാക്കാറ്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 186 പേരില്‍ 150 പേരില്‍ കൊറോണ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ നാല്‍പതോളം പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ രോഗികളെ വേര്‍തിരിച്ചതിനേക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആരോപണത്തേക്കുറിച്ച് അന്വേഷിക്കുമെന്നും നിതിന്‍ പട്ടേല്‍ ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കിയതായി അറിവില്ലെന്നാണ് അഹമ്മദാബാദ് കലക്ടര്‍ കെ കെ നിര്‍മ്മല പ്രതികരിക്കുന്നത്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയുടെ അഹമ്മദാബാദ് ഗാന്ധിനഗര്‍ മേഖലയിലെ പുതിയ ബ്ലോക്കാണ് കൊവിഡ് 19 രോഗികള്‍ക്കായി സജ്ജമാക്കിയിരുന്നത്.

മാര്‍ച്ച് അവസാന വാരം മുതലാണ് വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഞായറാഴ്ച രാത്രിയിലാണ് മതത്തിന്‍റെ അടിസ്ഥാനത്തില്‍ എ 4, സി4 എന്നീ രണ്ട് വാര്‍ഡുകളിലായി തിരിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് വേര്‍തിരിക്കുന്നത് എന്ന ചോദ്യത്തിന് മതമാണ് അടിസ്ഥാനമെന്ന് രോഗികളോട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചതായാണ് രോഗികള്‍ ആരോപിക്കുന്നത്.