Asianet News MalayalamAsianet News Malayalam

ബിജെപി 'മഹാ'ഡീലുറപ്പിച്ചതെങ്ങനെ? അമിത് ഷാ ദൗത്യമേൽപിച്ചത് ഈ വിശ്വസ്തനെ..

ശിവസേനയും എൻസിപിയും കോൺഗ്രസും തമ്മിൽ പൊരിഞ്ഞ ചർച്ചകൾ നടക്കുമ്പോഴും ബിജെപി നേതാക്കൾ ആത്മവിശ്വാസത്തിലായിരുന്നു. 'സർക്കാർ ബിജെപി രൂപീകരിക്കും, നൂറ് ശതമാനം', എന്ന് നേതാക്കൾ ഉറപ്പിച്ച് പറഞ്ഞു.

how bjp made a deal with ajit pawar inside story of maharashtra government formation
Author
New Delhi, First Published Nov 23, 2019, 6:03 PM IST

മുംബൈ: സേന - എൻസിപി - കോൺഗ്രസ് സർക്കാർ വരുമെന്ന് കണ്ടപ്പോഴല്ല ബിജെപി സർക്കാർ രൂപീകരിക്കാൻ എൻസിപിയിലെ ഒരു പക്ഷവുമായി ചർച്ച തുടങ്ങിയത്. ശരദ് പവാറിന്‍റെ മരുമകനായ അജിത് പവാറുമായി ദിവസങ്ങൾക്ക് മുമ്പേ തന്നെ ബിജെപി ചർച്ച തുടങ്ങിയിരുന്നെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവാണ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു ഭൂപേന്ദ്രയാദവ്. ശിവസേനയും എൻസിപിയും കോൺഗ്രസും തമ്മിൽ അടച്ചിട്ട മുറിയിൽ അവസാനവട്ട ചർച്ചകൾ നടത്തുമ്പോൾ പുറത്തു നിന്ന് ബിജെപി നേതാക്കൾ ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ''ബിജെപി സർക്കാർ രൂപീകരിക്കും, നൂറ് ശതമാനം''.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് വന്ന ശേഷം അമിത് ഷായുടെ വസതി സജീവമായി. ഭൂപേന്ദ്രയാദവിനോട് പെട്ടെന്ന് മുംബൈയ്ക്ക് പോകാ ഷാ നിർദേശിച്ചു. ഏഴ് മണിയോടെ യാദവ് മുംബൈയിലെത്തി. ദേവേന്ദ്ര ഫട്‍നവിസിനെ കണ്ടു. എന്താകണം അവസാന ഡീലെന്ന് ചർച്ച ചെയ്തു. അവസാനതീരുമാനത്തിലെത്തി. 

കഴിഞ്ഞയാഴ്ച വരെ ശിവസേനയുമായി സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും ബിജെപി തുറന്നിട്ടിരുന്നുവെന്നതാണ് വാസ്തവം. അവസാനവാതിലുമടഞ്ഞ ശേഷമാണ്, മറ്റ് സാധ്യതകൾ ബിജെപി പരിശോധിച്ചത്. നവംബർ 10-ന് സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ബിജെപി ഗവർണറെ അറിയിച്ചു. ഇതിന് ശേഷം, ദില്ലിയിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു. അടിയന്തരമായി മുംബൈയ്ക്ക് പറക്കാൻ ജനറൽ സെക്രട്ടറി ഭൂപേന്ദ്രയാദവിന് നിർദേശം നൽകി.

''എന്നാൽ മാതോശ്രീയിൽ നിന്ന് ഒട്ടും നല്ല സ്വീകരണമല്ല കിട്ടിയത്'', എന്നാണ് ഇന്ത്യൻ എക്സ്പ്രസിനോട് ബിജെപിയിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താക്കറെയും പവാറും കോൺഗ്രസും അവരുടെ അടവുകളെല്ലാം കളിച്ചു കഴിയട്ടെ, അതിന് ശേഷം നമുക്ക് നമ്മുടെ അടവുകൾ പുറത്തെടുക്കാം എന്ന് അമിത് ഷാ പറഞ്ഞതായാണ് വിവരം. മഹാരാഷ്ട്രയിലെ നീക്കങ്ങളിൽ പ്രത്യക്ഷത്തിൽ അമിത് ഷാ ഇടപെട്ടിരുന്നില്ല. അണിയറയിൽ ഉണ്ടായിരുന്നു താനും. എന്നാൽ നവംബർ 10-ന് ശേഷം അമിത് ഷാ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു തുടങ്ങി.

അടുത്ത രണ്ടാഴ്ച എന്ത് സംഭവിക്കുന്നുവെന്നറിയാൻ ബിജെപി നേതൃത്വം കാത്തുനിന്നു. 'മാതോശ്രീ'യോ 'സേനാ പ്രമുഖോ' പറയുന്നത് പോലെ നടക്കാനാകില്ലെന്ന് ഉറപ്പിച്ചിരുന്നു അമിത് ഷാ. 50: 50 ഫോർമുല അചിന്ത്യം. മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്നതൊന്നും നടക്കില്ല - ബിജെപി തീരുമാനിച്ചു.

കാത്തിരുന്ന് കളിച്ച ബിജെപി

സർക്കാർ രൂപീകരണത്തിൽ നിന്ന് കോൺഗ്രസോ ശിവസേനയോ പിന്തിരിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ശരദ് പവാറിന്‍റെ കിങ് മേക്കർ ഇടപെടൽ കോൺഗ്രസിനെയും സേനയെയും ഒരു പോലെ അനുനയിപ്പിക്കുന്നത് ബിജെപി നേരിട്ട് കണ്ടു. സർക്കാർ രൂപീകരണം എന്ന നിലയിലെത്തിയപ്പോൾ, ബിജെപി നേതൃത്വം ട്രാക്ക് മാറ്റി. എൻസിപിയിലെ അതൃപ്തിയുള്ളയാളെ തെരഞ്ഞു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായിത്തന്നെ തെരഞ്ഞെടുക്കപ്പെട്ടയാൾ. കൃത്യം ചോയ്സ്.

ചർച്ചകൾ തുടങ്ങി. അപ്പോഴും സഖ്യം ഏതെങ്കിലുമൊരു ഇടത്ത് തകരുമെന്നും സമവായമില്ലാതെ പോകുമെന്നും ബിജെപി കരുതിയിരുന്നു. എന്നാൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി എന്ന ഏറെ ആത്മവിശ്വാസത്തോടെയുള്ള ശരദ് പവാറിന്‍റെ പ്രഖ്യാപനം കൂടി വന്നപ്പോൾ അടിയന്തരമായി ഇടപെട്ടു അമിത് ഷാ. ഭൂപേന്ദ്രയാദവിനെ ഉടനടി മുംബൈയ്ക്ക് അയച്ചു.

പുലർച്ചെ, കൃത്യമായി പറഞ്ഞാൽ 5.47-ന് രാഷ്ട്രപതി ഭരണം പിൻവലിച്ചതായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് കോൺഗ്രസും - സേനയും വിവരമറിയുന്നത്. കോൺഗ്രസ് നേതൃത്വം അക്ഷരാർത്ഥത്തിൽ ഞെട്ടി. 'മാതോശ്രീ'യിൽ ആർക്കും ഒരു ഊഹവുമുണ്ടായിരുന്നതുമില്ല.

അജിത് പവാർ - മഹാരാഷ്ട്രീയത്തിൽ സ്പോട്ട് ലൈറ്റ് ഇനി ഇവിടെ!

എന്തായാലും ശ്രദ്ധ അജിത് പവാറിലേക്ക് കൂടി നീങ്ങുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി എൻസിപിയുടെ കാര്യങ്ങൾ നടത്തിയിരുന്നത് അജിത് പവാറാണ്. എന്നാൽ തന്നിൽ നിന്ന് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെ കാര്യങ്ങൾ നേരിട്ട് ഏറ്റെടുത്ത് തുടങ്ങിയപ്പോൾ അജിത് പവാർ അസ്വസ്ഥനായിത്തുടങ്ങി. 

തനിക്കെതിരായ എൻഫോഴ്‍സ്‍മെന്‍റ് കേസുകളും അജിത് പവാറിന് തലവേദനയായിത്തന്നെ തുടർന്നിരുന്നു. അധികാരം കയ്യിൽ നിന്ന് പോവുകയും ചെയ്യും, കേസിൽ കുരുങ്ങുകയും ചെയ്യും എന്ന് വന്നപ്പോൾ അജിത് പവാർ മാറിച്ചിന്തിച്ചിരിക്കാം. 

സേന - എൻസിപി - കോൺഗ്രസ് ചർച്ചകൾക്കിടെ പലപ്പോഴും അജിത് പവാറുണ്ടായിരുന്നില്ല. മണിക്കൂറുകളോളം എവിടെപ്പോയിരുന്നു അജിത് പവാർ എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നതാണ്. ദില്ലിയിലേക്ക് ചർച്ചകൾ മാറിയപ്പോഴും അജിത് പവാർ അവിടെയുണ്ടായിരുന്നില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നതായും 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. 

അപ്പോഴും നിയമസഭാ കക്ഷി നേതാവാണ് അജിത് പവാർ എന്നാണ് ബിജെപിയുടെ മഹാരാഷ്ട്ര വൃത്തങ്ങൾ ഉറപ്പിച്ച് പറയുന്നത്. പവാറിന്‍റെ അനുമതിയെക്കുറിച്ച് ചോദിച്ചാൽ മറുപടിയില്ല. അജിത് പവാറാണ് നിയമസഭാ കക്ഷി നേതാവെന്ന് മാത്രം പ്രതികരണം. 

Follow Us:
Download App:
  • android
  • ios